ദുരന്തബാധിതരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം, കെഎസ്ഇബിയുടെ ഡാറ്റ തുണയായി

Friday 02 August 2024 7:18 PM IST
ഉരുള്‍പ്പൊട്ടല്‍ ദുരന്തം നാശം വിതച്ച പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ | ഫോട്ടോ: facebook.com/ksebl

വയനാട്: മേപ്പാടിയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായകമായി കെഎസ്ഇബിയുടെ ഡാറ്റ. സമാനതകളില്ലാത്ത ദുരന്തം നേരിട്ട പ്രദേശത്ത് വളരെ പെട്ടെന്ന് വൈദ്യുതി എത്തിക്കുന്നതിനും ഒപ്പം ഉപഭോക്തൃ വിവരങ്ങളുടെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറാനും കെഎസ്ഇബിക്ക് കഴിഞ്ഞത് വന്‍ നേട്ടമായി.

ജിയോ കോര്‍ഡിനേറ്റ്‌സ് പ്രകാരം കെഎസ്ഇബി എടുത്ത ഓരോ വീടിന്റെയും ലൊക്കേഷന്‍ ഉള്ള വിവരം വയനാട് കളക്ടറേ അറിയിക്കുകയും ഈ ഡാറ്റാ വളരെ പെട്ടന്ന് തന്നെ കൈമാറാനും സാധിച്ചു. ഇത്രയും ബ്രഹത്തരമായതും കൃത്യമായതുമായ ഡാറ്റാ കെഎസ്ഇബി വളരെ പെട്ടന്ന് നല്‍കിയത് ദുരന്ത ബാധിതരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് വളരെയധികം സഹായകമായി മാറുമെന്നതാണ് പ്രത്യേകത.

കെഎസ്ഇബി മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച് ദുരന്തബാധിത മേഖലയില്‍ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കെ കെ നായര്‍, മുണ്ടക്കൈ, ചൂരല്‍മല ടൗണ്‍ എന്നിങ്ങനെയാണ് ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ കീഴില്‍ 797 ഗാര്‍ഹിക കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഇവിടങ്ങളില്‍ നടത്തിയ പരിശോധന അനുസരിച്ച് 309 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ 76 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

Advertisement
Advertisement