അന്യ സംസ്ഥാന തൊഴിലാളികളിൽ ഏറെയും ബീഹാറുകാർ
മേപ്പാടി : തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഏറെയും ബീഹാറുകാർ. പാടികളിലാണ് കുടുംബമായും ഒറ്റയ്ക്കും ഇവർ താമസിക്കുന്നത്. ഒമ്പത് പാടികളാണ് ഉരുൾപൊട്ടി കുത്തിയൊലിച്ചുപോയത്. സ്ഥിര ജീവനക്കാരല്ലാത്തതിനാൽ ഇവരുടെ കണക്ക് കൃത്യമായി തോട്ടം മുതലാളിമാർ പുറത്തറിയിക്കാറുമില്ല. പുഞ്ചിരിമട്ടത്തെ പാടിയിൽ താമസിച്ചിരുന്ന നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ വെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ട്. ഒരു മുറിയിൽ താമസിച്ച ആറുപേരിൽ നാല് പേരെയും കാണാതായി. ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒപിന്ദർ പാസ്വാന്റെ ഭാര്യ ഫുൽകുമാരിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് രക്ഷപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന അരുൺകുമാർ പാസ്വാൻ, സാധു പാസ്വാൻ എന്നിവർ പറഞ്ഞു. ഇവരോടൊപ്പം താമസിച്ചിരുന്ന വിഗ്നേശ്വർ പാസ്വാൻ, രൻജിത്ത് പാസ്വാൻ എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉരുൾപൊട്ടൽ ഉണ്ടായ ഉടൻ പാടിയുടെ മേൽ ഭാഗത്തേക്ക് ഓടിയവർ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മറ്റുള്ളവരെ വെള്ളം കൊണ്ടുപോയി എന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് അറിയുന്നത്.