''മോളേ ....'' സങ്കടക്കടലിൽ സ്വാമിദാസ് 

Saturday 03 August 2024 12:02 AM IST
സ്വാമിദാസ്

കൽപ്പറ്റ: ഒമ്പതുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേരെ തേടി മൂന്നു ദിവസമായി മേപ്പാടിയിലെ ക്യാമ്പിൽ കഴിയുകയാണ് വയനാട് എരുമാട് സ്വദേശി സ്വാമിദാസ്. കുടുംബത്തിലെ ആറു പേരെ കാണാതായിരുന്നു. അതിൽ മൂന്നു പേരെ കിട്ടി.

അളിയൻ, അളിയന്റെ ഭാര്യ, എട്ടു വയസ്സുള്ള മകൾ എന്നിവരെയാണ് കിട്ടിയത്. 'മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കിട്ടാനുണ്ടെന്ന് സ്വാമിദാസ് പറഞ്ഞു. ഓരോ ആംബുലൻസ് വരുമ്പോഴും ഓടിച്ചെന്ന് നോക്കുകയാണ് സ്വാമിദാസ്. അനന്തിക എന്നാണ് സ്വാമിദാസിന്റെ മകളുടെ പേര്, ദുരന്തസമയത്ത് സ്വാമിദാസ് എരുമാട് സ്വന്തം വീട്ടിലായിരുന്നു. ഭാര്യയുടെ വീടാണ് വെള്ളാർമലയിൽ. ''കഴിഞ്ഞ വർഷമാണ് മകളെ വെള്ളാർമല സ്‌കൂളിൽ ചേർത്തത്. എനിക്ക് അവളുടെ മുഖമൊന്ന് കണ്ടാൽ മതി-, സ്വാമിദാസ് കരഞ്ഞുകൊണ്ട് പറഞ്ഞു.