അന്തിയുറങ്ങിയ വീടുകളുടെ സ്ഥാനത്ത് കൂറ്റൻ പാറകൾ
കൽപ്പറ്റ: ഒറ്റ രാത്രി കൊണ്ട് അഭയാർത്ഥികളായ ഒരു പറ്റം മനുഷ്യർ. ` ജീവിച്ചല്ലേ പറ്റൂ, പക്ഷേ എവിടെ?".വീടും പുരയിടവും ജീവിത സമ്പാദ്യങ്ങളും ഒലിച്ചുപോയ ആ താഴ്വരയിലേക്ക് മടങ്ങിപ്പോക്ക് അസാദ്ധ്യം. ക്യാമ്പുകളില്‍ നിന്ന് ദുരിതബാധിത മേഖലയിലേക്ക് ചെന്നു നോക്കിയവർക്ക് സ്വന്തം സ്ഥലം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
മുണ്ടക്കെയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും അവർക്കായി ഒന്നുമില്ല.ഒരാഴ്ചയോ, ഒരു മാസമോ അതുകഴിഞ്ഞാൽ ക്യാമ്പ് തീരില്ലേ, പിന്നെ എങ്ങോട്ടുപോകുമെന്ന ആശങ്ക ദുരിതാശ്വാസ ക്യാമ്പിലെ ഓരോ മുഖത്തും വായിക്കാം. `വീടു നിന്നിടത്ത് ഒന്നുമില്ല,വെറും പാറക്കഷണങ്ങൾ മാത്രം. സ്ഥലം തിരിച്ചറിയാൻ പോലും കഴിയുന്നില്ല' മുണ്ടക്കൈ സ്വദേശി സുധ പറഞ്ഞു.കടകളില്ല. സ്കൂളില്ല. ആരാധനാലയങ്ങളില്ല. ആ ദേശത്തെ ഇനി ശ്മശാനം എന്നല്ലാതെ എന്തുവിളിക്കാൻ.ക്യാമ്പുകളിലും ആശുപത്രികളിലും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ലാത്ത മരണഭീതിയോടെ കഴിയുന്നവർ നിരവധി.
ഒരായുസ്സുകൊണ്ട് സ്വരുകൂട്ടിയ സമ്പാദ്യമാണ് ഒലിച്ചുപോയത്. ഇനിയൊരു വീടു നിർമിക്കാമെന്ന പ്രതീക്ഷയില്ലെന്നും സുധ. തൊണ്ടയിടറി വാക്കുകൾ മുറിഞ്ഞു.ജീവിത സായാഹ്നത്തിൽ മക്കളെ നഷ്ടപ്പെട്ടവരുണ്ട്. ഇനിയാര് തുണ?.എസ്റ്റേറ്റ് പാടികളിൽ തുച്ഛവേതനത്തിന് ജോലിക്ക് വന്നവരും അവരുടെ പിന്‍തലമുറക്കാരുമടങ്ങിയ സാധാരണക്കാരാണ് വീടില്ലാതായവരിൽ കൂടുതലും.635 ഓളം ഹെക്ടർ ഭൂമിയാണ് ഒലിച്ചുപോയത്.രേഖയിൽ മാത്രമാണ് അവരുടെ ഭൂമി അവശേഷിക്കുന്നത്.അവരുടെ മണ്ണ് 8 കിലോമീറ്ററോളം അകലേക്ക് ഒഴുകിപ്പോയി. മൃതദേഹങ്ങളുടെയും ചളിയുടെയും രൂക്ഷഗന്ധമാണ് എവിടെയും.കടലിൽനിന്നുവരുന്ന കൊടുങ്കാറ്റിനെ തടുക്കാൻ കഴിയാത്തതുപോലെ, മലയിൽ നിന്നുവരുന്നപ്രകൃതി ദുരന്തങ്ങളെയും തടുക്കാൻ കഴിയില്ല. അതിജീവനത്തിന്റെ കരുതൽ പദ്ധതികളാണ് ഏക രക്ഷാ മാർഗ്ഗം.
ക്യാമ്പുകളിൽ
2350 പേർ
എല്ലാം നഷ്ടപ്പെട്ട് ഉടുതുണിമാത്രമായി 2350 ഓളം പേർ ക്യാമ്പുകളിലുണ്ട്. ആശുപത്രിയിലും ബന്ധുവീടുകളിലുമായി 150 ലേറെ പേരുണ്ടെന്നാണ് കണക്ക്. മുണ്ടക്കൈയിലുണ്ടായിരുന്ന 270 വീടുകളിൽ അവശേഷിക്കുന്നത് 25 വീടുകൾ മാത്രം. ബലക്ഷയം സംഭവിച്ചതിനാല്‍ വാസയോഗ്യമല്ല. ചൂരൽമലയിലെ 1070 വീടുകളിൽ അവശേഷിക്കുന്നത് 235 വീടുകളാണ്. അട്ടമലയിൽ 300 വീടുകളിൽ 45 വീടുകൾ തകർന്നു. 200 ഹെക്ടർ തേയില കൃഷിയും 100 ഹെക്ടർ കാപ്പികൃഷിയും 75 ഹെക്ടർ കുരുമുളക് കൃഷിയുമാണ് നശിച്ചത്.