ചാലിയാറിൽ നിന്ന് ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും
നിലമ്പൂർ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതു വരെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. 121 ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
പൊലീസ്, വനം, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, നാട്ടുകാർ, വൊളന്റിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു.
ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടാൻപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങൾ കണ്ടെടുത്തത്. സംയുക്ത സേനകൾ നാവികസേനയുടെ ചോപ്പറിൽ വയനാട്,മലപ്പുറം ജില്ലാ അതിർത്തി മേഖലയായ സൂചിപ്പാറയിൽ തെരച്ചിൽ നടത്തി. പൊലീസ് സേനയുടെ ചോപ്പറും തെരച്ചിലിനായി ഉപയോഗിച്ചു. . സേനകൾ സൂചിപ്പാറയിലിറങ്ങി വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേകം പരിശീലനം സിദ്ധിച്ച നായയുമായി ഇടുക്കിയിൽ നിന്നെത്തിയ പൊലീസ് സേനാംഗങ്ങൾ മുണ്ടേരി ഇരുട്ടുകുത്തി മുതൽ മാളകം വരെയുള്ള ചാലിയാർ പുഴയുടെ തീരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. ലഭിച്ച മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. . ഉച്ചയോടെ കൃഷി മന്ത്രി പി. പ്രസാദ് ഇരുട്ടുകുത്തിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.. ഇന്നും തെരച്ചിൽ തുടരും.