മോഹൻലാലിന്റെ കണ്ണ് നിറഞ്ഞത് ദുരന്ത ഭൂമിയിലെ ആ കാഴ്ച കണ്ട്; ഉടൻ തിരുമാനമെടുത്തുവെന്ന് മേജർ രവി

Saturday 03 August 2024 12:23 PM IST

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്ത ഭൂമി സന്ദർശിക്കാൻ നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തിയിരുന്നു. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ എത്തിയത്. ദുരന്ത മേഖലയിലെ പുനരുദ്ധാരണത്തിനായി താനും കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

കൂടാതെ പൂർണമായും തകർന്ന വെള്ളാർമല എൽപി സ്കൂൾ പുനരുദ്ധാരണവും തങ്ങൾ ഏറ്റെടുക്കുന്നതായി മേജർ രവി മാദ്ധ്യമങ്ങളോട് പറഞ്ഞു. തകർന്ന സ്‌കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണുകൾ നിറഞ്ഞുവെന്നും അപ്പോൾ തന്നെ സ്കൂളിന്റെ പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചെന്നും മേജർ രവി പറഞ്ഞു.

ചൂരൽമലയിൽ നിന്ന് പുഞ്ചിരിമട്ടം വരെ മോഹൻലാൽ സന്ദർശിച്ചു. തുടർന്ന് സെെന്യം നിർമ്മിച്ച ബെയ്‌ലി പാലം സന്ദർഷിച്ച ശേഷം മോഹൻലാൽ മാദ്ധ്യമങ്ങളെ കണ്ടു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കെെയിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

'നിമിഷ നേരം കൊണ്ടാണ് പലർക്കും വീടും ബന്ധുക്കളെയും നഷ്ടമായത്. നമ്മൾ എല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നുവെന്നത് വലിയ കാര്യമാണ്. താൻ കൂടി അടങ്ങുന്ന മദ്രാസ് 122 ബറ്റാലിയനാണ് ദുരന്തമുഖത്ത് ആദ്യം എത്തിയത്. കഴിഞ്ഞ 16 വർഷമായി താൻ ഈ സംഘത്തിലെ അംഗമാണ്. അവരടക്കമുള്ള രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനുമാണ് ഞാൻ എത്തിയത്. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്',​- മോഹൻലാൽ കൂട്ടിച്ചേർത്തു.