'ടൗൺഷിപ്പ് നിർമിച്ച് പുനരധിവാസം നടത്തും, കുട്ടികൾക്ക് പഠനത്തിന് സംവിധാനം ഒരുക്കും'; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികൾ. ഇതിൽ 148 മൃതദേഹങ്ങൾ കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10042 പേർ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. തെരച്ചിൽ ഊർജിതമായി നടക്കുകയാണ്.
ഇന്നലെ 11 മൃതദേഹങ്ങൾ ലഭിച്ചു. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്‌ചയിൽ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാകും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവമത പ്രാർത്ഥന നടത്തി സംസ്‌കരിക്കും. സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമിച്ച് പുനരധിവാസം നടത്തും. വെള്ളാർമല സ്‌കൂൾ പൂർണമായും നശിച്ചതിനാൽ, പഠനത്തിന് ബദൽ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആർ കോഡ് മരവിപ്പിച്ചു. പകരം നമ്പർ സംവിധാനം ഏർപ്പെടുത്തി. എ ഗീതയുടെ കീഴിൽ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിച്ചു. ഇമെയിൽ - letushelpwayand@gmail.com. ഫോൺ - 9188940014, 9188940015.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും സിഎംഡിആര്‍എഫിലേക്ക് നൽകി. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപിമാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവനയായി നൽകുന്നത്. കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, എസ് വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.