സംസ്ഥാനത്ത് ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത

Saturday 03 August 2024 3:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. അതേസമയം, വടക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിലെ തീവ്ര ന്യുന മർദ്ദം തെക്കൻ ബീഹാറിനും വടക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബിഹാർ, തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മദ്ധ്യ പ്രദേശ്, വഴി സഞ്ചരിക്കാൻ സാദ്ധ്യതയുണ്ട്. മറ്റൊരു ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ടിട്ടുണ്ട്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
Advertisement