അനധികൃത ഖനനത്തിനെതിരെ നടപടി
Sunday 04 August 2024 1:06 AM IST
കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് 5-ാം വാർഡിൽ മരോട്ടികടവ് ജറുസലേം റോഡിന് സമീപം അനുമതി ഇല്ലാതെ മണ്ണെടുപ്പും പാറ ഖനനവും നടത്തുന്നതായി പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ അനുമതി കൂടാതെ മണ്ണെടുപ്പ് നടത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കുറുപ്പംപടി പൊലീസും രായമംഗലം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സ്ഥലം ഉടമയ്‌ക്കെതിരെ അനധികൃത മണ്ണെടുപ്പിന് കേസ് എടുക്കുകയും ഖനനത്തിന് ഉപയോഗിച്ച ജെ.സി.ബി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.