കേരളത്തില്‍ പരക്കെ മഴ തുടരും, മണ്‍സൂണ്‍ പാത്തി സജീവം; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Saturday 03 August 2024 7:40 PM IST
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്ത് തീവ്രമായ മഴയ്‌ക്കോ അതിതീവ്ര മഴയ്‌ക്കോ സാദ്ധ്യതയില്ല. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതും അതോടൊപ്പം നദീതീരങ്ങളിലും ഡാമുകള്‍ക്ക് കീഴിലും താമസിക്കുന്നവരും മാറിത്താമസിക്കാന്‍ സജ്ജമായിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മദ്ധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ പരക്കെ മഴ തുടരുന്നത്.

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് തീവ്രമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തുടനീളം കനത്ത മഴയ്ക്ക സാദ്ധ്യതയുണ്ടെന്ന സൂചനകളെ ഭയത്തോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നോക്കിക്കാണുന്നത്.

സംസ്ഥാനത്ത് മലയോര മേഖലകളില്‍ ജാഗ്രത ശക്തമാക്കിയേക്കും. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് രാജ്യത്തെ കൃഷി, വൈദ്യുതി ഉത്പാദനം പോലുള്ളവ മുന്നോട്ട് പോകുന്നത്. എന്നാല്‍ സാധാരണമഴയില്‍ തന്നെ കൃഷിനാശവും പ്രളയവും മിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടാറുണ്ട്. അതിനാല്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ നിരവധി സംസ്ഥാനങ്ങള്‍ ഭയത്തോടെയും കൂടിയാണ് നോക്കിക്കാണുന്നത്.

Advertisement
Advertisement