ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കാനുള്ള ക്യു ആർ കോഡ് പിൻവലിച്ചു, പകരം യുപിഐ ഐഡി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു.ആ കോഡ് സംവിധാനം പിൻവലിച്ചു. ക്യു.ആർ കോഡ് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. .പകരം പോർട്ടലിൽ നൽകിയിട്ടുള്ള യു.പി.ഐ ഐ.ഡി വഴി പണം അയയ്ക്കാം. keralacmdrf@sbi എന്ന യു.പി.ഐ ഐ.ഡി വഴി ഗൂഗിൾപേയിലൂടെ സംഭാവന നൽകാനാകും.
സംഭാവന നൽകുന്നതിന് www.donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പരുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, യു.പി.ഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ നിങ്ങൾക്ക് റെസിപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യു.പി.ഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിന് ശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യൽ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യു.പി.ഐ ക്യുആർ കോഡുകൾ നൽകിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.