വീട്ടിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി ഗൃഹനാഥന്റെ സുഹൃത്ത് മരിച്ചു

Sunday 04 August 2024 4:59 AM IST

പത്തനംതിട്ട : റോ‌ഡിൽ നിന്ന് നിയന്ത്രണം തെറ്റി വീട്ടിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാനിടിച്ച് ഗൃഹനാഥനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്ത് മരിച്ചു. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് വീട്ടിൽ ഉബൈദുള്ള (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15ന് അലങ്കാരത്ത് അയൂബ്ഖാന്റെ വീട്ടിലാണ് സംഭവം. റോഡിന് എതിർവശത്ത് പാർക്കുചെയ്തിരുന്ന ബൈക്കിൽ ഇടിച്ചശേഷം വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തുകിടന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഇൗ സമയം ഉബൈദുള്ള കാറിന് സമീപത്തു നിന്നും അയൂബ്ഖാൻ സിറ്റൗട്ടിലിരുന്നും സംസാരിക്കുകയായിരുന്നു. സിറ്റൗട്ടിന്റെയും കാറിന്റെയും ഇടയിൽ ഞെരുങ്ങിപ്പോയ ഉബൈദുള്ളയെ കാർ മാറ്റിയാണ് പുറത്തെടുത്തത്. കാൽ ഒടിഞ്ഞ് അടർന്നുപോയിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സിറ്റൗട്ടിന്റെ കൈവരി തകർന്നു. വേഗത്തിൽ ഓടിമാറിയതിനാൽ അയൂബ്ഖാന് പരിക്കേറ്റില്ല. കുലശേഖരപതിയിലെ തേങ്ങാവില്പന കടയിലേതാണ് പിക്കപ്പ് വാൻ. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സഫീനയാണ് ഉബൈദുള്ളയുടെ ഭാര്യ. മക്കൾ : സുമയ്യ, സുൽഫിയ.