പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച് ദീര്‍ഘകാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. 83ാം വയസിലാണ് നര്‍ത്തകിയുടെ മരണം. രാജ്യതലസ്ഥാനത്തെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നര്‍ത്തകിമാരില്‍ ഒരാളായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി. ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒരുപോലെ തിളങ്ങിയ അതുല്യ കലാകാരിയായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി. ഒഡിസിയും അവതരിപ്പിച്ചിരുന്നു.
വടക്കേ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭരതനാട്യവും കുച്ചിപ്പുഡിയും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ആന്ധ്രയിലെ ചിറ്റൂര്‍ മദനപ്പള്ളിയിലുള്ള കലാകുടുംബത്തില്‍ 1940 ഡിസംബര്‍ 20നാണ് ജനനം. കുടുംബം പിന്നീട് തമിഴ്‌നാട്ടിലേക്ക് മാറി. അച്ഛന്‍ സംസ്‌കൃത പണ്ഡിതനും മുത്തച്ഛന്‍ ഉര്‍ദു കവിയും ആയിരുന്നു. ചെറുപ്രായത്തില്‍തന്നെ ചെന്നൈ കലാക്ഷേത്രയില്‍ ചേര്‍ന്ന് നൃത്ത പഠനം തുടങ്ങി.
ആദ്യകാലമുടനീളം ചെലവിട്ടത് ചിദംബരത്തായിരുന്നു. അവിടുത്തെ തില്ലൈ നടരാജ ക്ഷേത്രവും അതിലെ ശില്‍പങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളും ജീവിതത്തെ ഏറെ സ്വാധീനിച്ചു. 1957ല്‍ ചെന്നെയില്‍ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 28 വയസുള്ളപ്പോഴാണ് പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. 2001ല്‍ പദ്മഭൂഷണും 2016ല്‍ പദ്മ വിഭൂഷണും ലഭിച്ചു.