പ്രവാസി നഴ്‌സ് മരിച്ചത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി, വ്യക്തിപരമായ കാരണത്താലെന്ന് സൂചന; മൃതദേഹം നാട്ടിലെത്തിച്ചു

Saturday 03 August 2024 9:40 PM IST

റിയാദ്: താമസസ്ഥലത്ത് നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത ഇന്ത്യന്‍ നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പുതുച്ചേരി സ്വദേശിനിയായ ദുര്‍ഗ (26) ആണ് ആത്മഹത്യ ചെയ്തത്. റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്ത് വരികയായിരുന്ന ദുര്‍ഗ ജൂലായ് മാസം 13നാണ് ജീവനൊടുക്കിയത്.

റിയാദില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയായിരുന്നു ദുര്‍ഗ രാമലിംഗം ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ കാരണങ്ങളാലാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ മൃതദേഹം എത്തിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പ് മാത്രമാണ് ദുര്‍ഗ രാമലിംഗം തന്‌റെ പ്രവാസ ജീവിതം ആരംഭിച്ചത്. എല്ലായിപ്പോഴും വളരെ സന്തോഷവതിയായിട്ടാണ് സഹപ്രവര്‍ത്തകര്‍ ദുര്‍ഗയെ കണ്ടിട്ടുള്ളത്. എന്നാല്‍ ഏകദേശം മൂന്ന് മാസം മുമ്പ് അച്ഛന്‍ രാമലിംഗം അപകടത്തില്‍ മരിച്ചു. ഇതോടെ ദുര്‍ഗ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുത്.

അച്ഛന്റെ മരണത്തിന് ശേഷം എപ്പോഴും കടുത്ത നിരാശയും മ്ലാനതയുമായിരുന്നു യുവതിക്കെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മകളുടെ മരണവാര്‍ത്തയറിഞ്ഞതിനെത്തുടര്‍ന്ന് ബോധരഹിതയായ ദുര്‍ഗയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.