നിർമ്മിത ബുദ്ധിയിൽ പുതിയ ആശയങ്ങളുമായി ക്വസ്റ്റ് ഗ്ലോബൽ
കൊച്ചി: മെഡിടെക്, ഓട്ടോമോട്ടീവ്, റെയിൽ, ട്രാഫിക് തുടങ്ങിയ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ(എ.ഐ) സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് പ്രമുഖ ഐ.ടി കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ. സെമി കണ്ടക്ടേഴ്സ്, എയ്‌റോസ്‌പേസ്, പ്രതിരോധം, ആശയവിനിമയം, ഊർജ്ജം എന്നീ മേഖലകളിൽ
സാങ്കേതിക കൺസൾട്ടൻസിയായ ക്വസ്റ്റ് ഗ്ലോബൽ. ആർക്കിടെക്റ്റഡ് സൊല്യൂഷനുകളും നൽകുന്നുണ്ട്. ക്വസ്റ്റ് ഗ്ലോബലിൽ ടെക്‌നോളജി ഡയറക്ടർ സിന്ധു രാമചന്ദ്രൻ എസ്. കേരളകൗമുദിയോട് സംസാരിക്കുന്നു.
കേരളത്തിൽ ബിസിനസ് വിപുലീകരണം
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഞങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. കമ്പനിയുടെ മൊത്തം 20,000ലധികം ജീവനക്കാരിൽ 3200 പേർ കേരളത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ പേരെ നിയമിക്കാനുള്ള ആലോചനയിലാണ്.
പ്രധാന ആഗോള വിപണികൾ
ഇന്ത്യയ്ക്ക് പുറമെ യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവയാണ്പ്രധാന വിപണികൾ. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക്
18 രാജ്യങ്ങളിലായി 78 ആഗോള ഡെലിവറി സെന്ററുകളും ഓഫീസുകളുമുണ്ട്.
സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ
മെഡിക്കൽ, ഓട്ടോമോട്ടീവ്, ഹൈടെക്, സെമി കണ്ടക്ടേഴ്സ് എന്നിങ്ങനെ ഏത് മേഖലകളിലും എ.ഐയുടെ സാദ്ധ്യത വളരെ വലുതാണ്. ചിത്രങ്ങൾ, ടെക്‌സ്റ്റുകൾ ഉൾപ്പെടെയുള്ള ശേഖരിച്ച ഡാറ്റയിൽ നിന്ന് സ്ഥിതിവിവരക്കണക്കുകൾ വേർതിരിച്ചെടുക്കേണ്ട വലിയ പ്രൊജക്ടുകളുടെ ഭാഗമായി കമ്പനി പ്രവർത്തിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, മെഡിക്കൽ രംഗത്ത് സി.ടി മെഷീൻ, അൾട്രാ സൗണ്ട് മെഷീനുകളെടുക്കുന്ന ചിത്രങ്ങളിൽ നിന്ന് ട്യൂമറുകൾ സ്വയമേവ തിരിച്ചറിയാൻ എ.ഐ ഉപയോഗിക്കുന്നുണ്ട്. ജനറേറ്റീവ് എ.ഐ ഉപയോഗിച്ച് റേഡിയോളജി റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്. ട്രാഫിക് അടയാളങ്ങൾ, മുന്നറിയിപ്പ് സംവിധാനം എന്നിവയ്‌ക്കായി വിവിധ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ ഓട്ടോമോട്ടീവ് രംഗത്ത് ഉണ്ട്. ഇതുപോലെ എ.ഐയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ ആവശ്യങ്ങൾക്കുള്ള എ.ഐ പരിഹാരങ്ങൾ കമ്പനി നൽകുന്നുണ്ട്.