ആൻജിയോപ്ളാസ്റ്റി സമ്മേളനത്തിന് തുടക്കം
കൊച്ചി: സങ്കീർണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം ചിപ്പ് സമ്മിറ്റ് ആരംഭിച്ചു. ഡോ. ശ്രീപാൽ,ഡോ. രമേഷ് ദഗ്ഗുബതി (ഇരുവരും യു.എസ്.എ),ഡോ. തകാഷി അഷികാഗ,ഡോ. യുയിച്ചി കോബോറി (ഇരുവരും ജപ്പാൻ),ഡോ. അരുൺകുമാർ (യു.എ.ഇ),ഡോ. രാമാനന്തൻ കെ.ആർ (സിംഗപ്പൂർ) എന്നിവർ ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അനിൽകുമാർ ആർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ,ഡോ. രാജശേഖർ വർമ്മ,ഡോ. ദീപക് ഡേവിഡ്സൺ,ഡോ. സന്ദീപ് ആർ,ഡോ. സുനിൽ റോയ്,ഡോ. ജിമ്മി ജോർജ്,ഡോ. പ്രവീൺ ശ്രീകുമാർ,ഡോ. രാജീവ് സി എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് സമ്മേളനം സമാപിക്കും.
വി.ഐ.പി വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് 5.5ലക്ഷം
തിരുവനന്തപുരം: അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ഡ്യൂട്ടിക്കായി പൊലീസ് ഉപയോഗിക്കുന്ന 2 ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അറ്റകുറ്റപ്പണിക്ക് 5.5ലക്ഷം രൂപ അനുവദിച്ചു. രണ്ട് മിത്സുബിഷി പജെറോ വാഹനങ്ങളുടെ അലോയ് വീൽ ഡിസ്കുകൾ മാറ്റി സ്റ്റീൽ വീൽ ഡിസ്കുകൾ സ്ഥാപിക്കാനാണ് ഈ തുക. പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണിത്.
എം.ജി. രാജമാണിക്യം പഠനത്തിന് അമേരിക്കയിലേക്ക്
തിരുവനന്തപുരം: റവന്യൂ (ദേവസ്വം) സെക്രട്ടറിയും അമൃത് മിഷൻ ഡയറക്ടറുമായ എം.ജി. രാജമാണിക്യം ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോവുന്നു. ആഗസ്റ്റ് 5 മുതൽ 2025 ജൂൺ 20വരെ അദ്ദേഹത്തിന് സർക്കാർ പഠനാവധി അനുവദിച്ചു. അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിൽ ഫെലോഷിപ്പോടെയാണ് രാജമാണിക്യത്തിന്റെ ഉപരിപഠനം. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമയ്ക്ക് റവന്യൂ (ദേവസ്വം) സെക്രട്ടറിയുടെയും ലൈഫ് മിഷൻ സി.ഇ.ഒ സൂരജ് ഷാജിക്ക് അമൃത് മിഷൻ ഡയറക്ടറുടെയും അധികചുമതല നൽകി.
ഇന്ധന കുടിശിക:
പൊലീസിന് 46.78 ലക്ഷം
അനുവദിച്ചു
തിരുവനന്തപുരം: പൊലീസ് കൺസ്യൂമർ പമ്പിലേക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് ജൂൺ 8 മുതൽ 27വരെ ഇന്ധനം വാങ്ങിയതിൽ കുടിശികയായ 46.78 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തരവകുപ്പ്. പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണിത്. മാർക്കറ്റ് വിലയിൽ നിന്ന് അധിക തുകയ്ക്ക് ഇന്ധനം വാങ്ങാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് തുക അനുവദിച്ചത്.
കേരളത്തിൽ നീറ്റ് പരീക്ഷാസെന്റർ,സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ
തിരുവനന്തപുരം:നീറ്റ് പി.ജി പരീക്ഷാസെന്റർ കേരളത്തിൽ അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതുസംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നന്ദയോട് നേരിട്ട് അഭ്യർത്ഥിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. കേരളത്തിൽ പരീക്ഷാസെന്റർ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം ആഗസ്റ്റ് 5ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നതായി സുരേന്ദ്രൻ പറഞ്ഞു.
കുളമ്പുരോഗ വാക്സിനേഷൻ നാളെമുതൽ
തിരുവനന്തപുരം: കുളമ്പുരോഗ, ചർമ്മ മുഴ വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും. വാക്സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി കുത്തിവയ്പ്പ് നടത്തും.ഒരു മാസക്കാലമാണ് വാക്സിനേഷൻ യജ്ഞം.