'എനിക്കും പട്ടാളക്കാരനാവണം', മൂന്നാം ക്ലാസുകാരന് പട്ടാളത്തിന്റെ സല്യൂട്ട്
കോഴിക്കോട്: ചൂരൽമലയിൽ ദുരന്തം കവർന്നെടുത്തവരെ പട്ടാളം നെഞ്ചോട് ചേർത്ത് വാരിയെടുക്കുന്നത് കണ്ട മൂന്നാം ക്ലാസുകാരൻ റയാന് ആവേശം അടക്കാനായില്ല. പട്ടാളത്തിന് അവൻ കത്തെഴുതി - 'എനിക്കും പട്ടാളക്കാരനാവണം'. സൈന്യം മറുപടി നൽകി. 'മകനെ നിനക്ക് സ്വാഗതം'.
മഹാദുരന്തത്തിന്റെ നടുവിലും സൈന്യത്തോടുള്ള ആരാധനയും രാജ്യസ്നേഹവും പ്രതിഫലിക്കുന്ന കത്തും മറുപടിയും രാജ്യമെമ്പാടും വൈറലായി.
കോഴിക്കോട് പെരുമണ്ണയിൽ ചാലിയാറിന്റെ തീരത്തുള്ള വെള്ളായിക്കോട് എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥിയാണ് റയാൻ. വെള്ളായിക്കോട് പള്ളിയോട്ടിൽ ശബീദ് അലി-ജെസ്ന ദമ്പതികളുടെ മകൻ. ജെസ്ന ഇതേ സ്കൂളിലെ അദ്ധ്യാപിക.
പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ ശ്രദ്ധിക്കുന്ന റയാൻ പട്ടാളം പാലം നിർമ്മിച്ചത് കണ്ട ആവേശത്തിലാണ് കത്തെഴുതിയത്.
'ഞാൻ റയാൻ, വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമ്മിക്കുന്ന വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായി ആർമിയായി നാടിനെ രക്ഷിക്കും. ബിഗ് സല്യൂട്ട്...'
പാലം നിർമ്മാണത്തിൽ സഹായി ആയ, പിതാവിന്റെ സുഹൃത്ത് വഴിയാണ് സതേൺ കമാൻഡന്റിന് കത്തയച്ചത്. മിലിട്ടറി എക്സിൽ മറുപടി കുറിച്ചു - 'റയാൻ, അഭിമാനം, നിന്റെ കത്തു വായിച്ചിട്ട്. നിന്നെപ്പോലുള്ള ഹീറോകളാണ് ഞങ്ങൾക്ക് പ്രയോജനം. നീ ഞങ്ങളോടൊപ്പം ചേരുന്ന ആ സുദിനം കാത്തിരിക്കുന്നു. രാജ്യത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം.