അവർ തേടുന്നു, ജീവിച്ചിരുന്നതിന്റെ അടയാളങ്ങൾ
കൽപ്പറ്റ: തോരാകണ്ണീരും മരവിച്ച മനസുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പകൽ ദുരന്ത ഭൂമിയിലെത്തും. ഉരുളെടുത്ത ഉറ്റവരുടെ അവശേഷിപ്പുകൾ തേടി, തങ്ങൾ ജീവിച്ചിരുന്നതിന്റെ എന്തെങ്കിലും അടയാളങ്ങൾ അവിടെയുണ്ടോ എന്നറിയാൻ.. മുണ്ടക്കൈയേയും ചൂരൽമലയേയും പുഞ്ചിരിമട്ടത്തേയും അട്ടമലയേയും തകർത്തെറിഞ്ഞ സ്ഥലത്തു നിന്ന് തങ്ങളുടേതായ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നെഞ്ചുവിങ്ങിയുള്ള അവരുടെ തെരച്ചിൽ.
ഓരോ ദിവസവും തങ്ങളുടെ വീടിരുന്ന സ്ഥലത്ത് അവരെത്തും. വലിയ പാറകളും മരത്തടികളും ഉരുളൻ കല്ലുകളും തകർത്ത അവശിഷ്ടങ്ങൾക്കിടയിൽ പരതും. കല്യാണ സാരി, വിവാഹ ആൽബം, മക്കളുടെ കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ.. ലഭിക്കുന്നവ ഓരോന്നായി എടുത്ത് കഴുകി വൃത്തിയാക്കും. ആധാർ, വോട്ടേഴ്‌സ് ഐ.ഡി തുടങ്ങി ജീവിച്ചിരുന്നു എന്നതിന്റെ രേഖകളും തേടും.
ഇനിയും കണ്ടെത്താനാകാത്ത തങ്ങളുടെ ഉറ്റവരെ തേടുന്നവരുടെ വിലാപങ്ങൾ രക്ഷാപ്രവർത്തകരുടേയും കണ്ണു നനയ്ക്കുന്നു. ഉറ്റവർ, സുഹൃത്തുക്കൾ, അയൽവാസികൾ.. എല്ലാംപോയില്ലേ എന്നുപറഞ്ഞുള്ള നിലവിളികൾ. ചുറ്റിലും പ്രിയപ്പെട്ടവരുണ്ടല്ലോ എന്ന സമാധാനത്തോടെ കിടന്നുറങ്ങുന്നതിനിടെയാണ് ഉരുളിന്റെ കലി ഒരു നാടിന്റെ സന്തോഷത്തെയാകെ എന്നന്നേക്കും തച്ചുതകർന്നത്.
മരണം മലയിറങ്ങിയ രാത്രിയുടെ ഭീതിയത്രയും ജീവൻ തിരികെ കിട്ടിയവരുടെ മുഖത്ത് ഇപ്പോഴുമുണ്ട്. ഒരു ദേശത്തെ ബന്ധങ്ങളെയും സാഹോദര്യങ്ങളെയുമാണ് മലവെള്ളം ഒഴുക്കിക്കൊണ്ടുപോയത്. ഇനി അവർക്ക് ഒരുമിച്ച് സ്വന്തമായി അവരുടേതായി ഒരു നാടുണ്ടാകുമോ, പഴയ അയൽപക്ക ബന്ധങ്ങളുണ്ടാകുമോ.. ദുരന്ത മേഖലയിൽ റേഷൻ കാർഡ് പ്രകാരം ആകെ ജനസംഖ്യ 4828 ആണ്.
അതേസമയം, ദുരന്തത്തിന് ഇരയായവരുടെ ഭൂമിസംബന്ധമായ രേഖകളടക്കം വീണ്ടെടുക്കാൻ റവന്യുവകുപ്പ് നടപടി സ്വീകരിക്കും. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുമെന്നതിനാൽ അതിന് തടസമില്ല. റേഷൻ കാർഡുകൾ സമയബന്ധിതമായി നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉരുളെടുത്ത പ്രദേശങ്ങൾ
മേപ്പാടി പഞ്ചായത്തിലെ
അട്ടമല (10-ാം വാർഡ്)
മുണ്ടക്കെ (11) ചൂരൽമല (12)
റേഷൻ കാർഡ്
പ്രകാരം ജനസംഖ്യ
അട്ടമല-1418
മുണ്ടക്കെ-1248
ചൂരൽമല-2162