'ഉറ്റവർ' ഏറ്റെടുത്ത് മലയാളികൾ

Sunday 04 August 2024 3:15 AM IST

തിരുവനന്തപുരം: നീണ്ടുനീണ്ടെത്തുന്ന കൈയിൽപ്പിടിക്കെ,

നീ ആരെന്നു ചോദിച്ചതില്ല രക്ഷാഭടർ.
ദീനദീനം കാതിലെത്തും നിലവിളി
ആരുടേതെന്നു തിരഞ്ഞീല രക്ഷകർ.
ജാതി ചോദിച്ചീല,പാർട്ടി ചോദിച്ചീല,
ഏതു മതത്തിലാണെന്നു ചോദിച്ചീല!...

വയനാട് ദുരന്തത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെക്കുറിച്ച് ആഗസ്റ്റ് ഒന്നിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പ്രഭാവർമ്മയുടെ 'ഉറ്റവർ"എന്ന ഈ കവിത കേരളം ഏറ്റുപാടുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച കവിത ഇപ്പോൾ ഗായകർ കൂടിയായ സംഗീത സംവിധായകർ ആലപിച്ച് വീഡിയോ ഒരുക്കുകയാണ്.

കാവാലം ശ്രീകുമാർ,വാഴമുട്ടം ചന്ദ്രബാബു,സൂര്യ കൊല്ലം... ഇങ്ങനെ നീളുന്നു കവിത വീഡിയോ ആക്കിയവരുടെ നിര. വിദേശങ്ങളിൽ നിന്നും പോലും കവിതയ്ക്ക് ഈണം നൽകി വീഡിയോ നിർമ്മിക്കട്ടെ എന്ന് ചോദിക്കുന്നവരുടെ ഫോൺകാളുകൾ കവി പ്രഭാവർമ്മയ്ക്ക് എത്തുന്നുണ്ട്.

കവിത പ്രസിദ്ധീകരിച്ച അന്നുതന്നെ ചതുർരാഗാമാലികത്തിൽ വാഴമുട്ടം ചന്ദ്രബാബു കവിത ചൊല്ലി. ഓർക്കസ്ട്ര ചേർത്തു,പിന്നാലെ ദൃശ്യങ്ങൾ ചേർത്ത് വീഡിയോ ഒരുക്കി. വിഘവതി രാഗത്തിലാണ് കാവാലം ശ്രീകുമാർ കവിത ചൊല്ലിയത്. പിന്നീടത് വീഡിയോയുമാക്കി. ശിവരഞ്ജിനി രാഗത്തിലായിരുന്നു കൊല്ലം സൂര്യ കവിതയെ അണിയിച്ചൊരുക്കിയത്.

'കവിതയുടെ ആശയം അത്രമേൽ ഉന്നതമായിരുന്നു, ഭാവ ഗംഭീരവും. അതിൽ സംഗീതം ചേർത്ത് ആലപിക്കാൻ തോന്നി. വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തിയവരോടുള്ള ആദരവ് കൂടിയാണ് ഈ ഈണവും ആലാപനവും.." കവിതയ്ക്ക് ഈണം ചേർത്ത് പ്രചരിപ്പിക്കുന്നത് പുതിയ തലമുറയ്ക്കു വേണ്ടി കൂടിയാണെന്നും ഇവർ പറഞ്ഞു.

''മലയാളികളുടെ നന്മ വാർന്നുപോയിട്ടില്ലെന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഞാൻ പ്രതികരണ കവിതകൾ എഴുതാറില്ല. എന്നാൽ വയനാട്ടിലെ ദൃശ്യങ്ങൾ കണ്ടപ്പോൾ, ദുരിതവാർത്തകളും ചിത്രങ്ങളും നിറഞ്ഞ കേരളൗമുദി പത്രം കണ്ടപ്പോൾ എഴുതാതിരിക്കാനായില്ല. ഇപ്പോൾ മലയാളികൾ ഇതേറ്റെടുക്കുന്നത്. മനുഷ്വത്യത്തിന് പ്രധാന്യമുള്ളതുകൊണ്ടാണ്. ഇവിടെ ജാതിയില്ല....മതമില്ല...ഭേദചിന്തകളൊന്നുമില്ല ""

-കവി പ്രഭാവർമ്മ

Advertisement
Advertisement