അന്നത്തെ ഉരുൾപൊട്ടൽ അതിജീവിച്ചു; ഇവിടെ  മരണം കാത്തിരുന്നു # പൊലിഞ്ഞത് കുടുംബത്തിലെ പത്തു ജീവനുകൾ

Sunday 04 August 2024 1:37 AM IST
മഹാലിങ്കൻ

മേപ്പാടി: അഞ്ചു വർഷം മുമ്പത്തെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുടുംബം ചൂരൽമലയിലെ ദുരന്തത്തിന് ഇരയായപ്പോൾ നഷ്ടപ്പെട്ടത് പത്തു ജീവനുകൾ. പുഞ്ചിരിവട്ടം സ്വദേശി മഹാലിങ്കന്റെ അമ്മ നാഗമ്മ (84), സഹോദരി മറുതായി (48), സഹോദരിയുടെ ഭർത്താവ് രാജൻ (54) , മറുതായിയുടെ മക്കളായ ജിനു (28), പ്രിയങ്ക (24), കുരുവി (20) , ആൻഡ്രിയ (15) , സഹോദരൻ പ്രശോഭ് (40), പ്രശോഭിന്റെ ഭാര്യ വിജയലക്ഷ്മി (37), ഇവരുടെ മകൻ അച്ചുട്ടൻ (14) എന്നിവരെയാണ് ഉരുളെടുത്തത്. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടാനുണ്ട്.

2020ൽ നടന്ന മുണ്ടക്കൈ ഉരുൾപൊട്ടലിൽ മഹാലിങ്കന്റെ സഹോദരിയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടതാണ്. അതിനുശേഷം കുടുംബം മുണ്ടക്കൈ പുഞ്ചിരിവട്ടത്താണ് താമസം.

ഒരനുഭവം ഉള്ളതിനാൽ, കനത്ത മഴ പെയ്തതോടെ ദുരന്തസാദ്ധ്യത മുന്നിൽക്കണ്ട് ഇവർ ചൂരൽമലയിലെ ബന്ധുവിന്റെ എസ്റ്റേറ്റ് പാടിയിലേക്ക് മാറുകയായിരുന്നു. എന്നാൽ ഈ എസ്റ്റേറ്റ് പാടി ഉൾപ്പെടെ ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായി.

മഹാലിങ്കനും ഭാര്യയും കുട്ടികളും മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് താമസം. ദുരന്തം നടക്കുന്ന ദിവസം രാത്രി എട്ടുമണിക്ക് സഹോദരിയുമായി സംസാരിച്ചതാണ്. നല്ല മഴയുണ്ട്‌ പേടി തോന്നുന്നു എന്ന് അവൾ പറഞ്ഞു. പേടിക്കേണ്ട ഒന്നും സംഭവിക്കില്ലെന്ന് ആശ്വസിപ്പിച്ചതാണ്. ഉരുൾപൊട്ടൽ വിവരമറിഞ്ഞ് മാറിമാറി പലരുടെയും ഫോണിലേക്ക് വിളിച്ചെങ്കിലും ആരെയും കിട്ടിയിരുന്നില്ലെന്നും മഹാലിങ്കൻ പറഞ്ഞു.