ലിയോൺ മഷാൻഡ് , ഗോൾഡ് മർച്ചന്റ് ഒഫ് പാരീസ്
Sunday 04 August 2024 5:25 AM IST
ഫ്രഞ്ച് നീന്തൽ താരം ലിയോൺ മഷാൻഡിന് നാലാം സ്വർണം
പാരീസ് : പുരുഷ നീന്തലിൽ മൈക്കേൽ ഫെൽപ്സിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് ഫ്രഞ്ചുകാരനായ ലിയോൺ മഷാൻഡ്. 22കാരനായ ലിയോൺ സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ തന്റെ നാലാം സ്വർണമാണ് ഇന്നലെ കഴുത്തിലണിഞ്ഞത്. 200 മീറ്ററിലെ ബ്രസ്റ്റ്സ്ട്രോക്ക്, ബട്ടർ ഫ്ളൈ, മെഡ്‌ലെ ഇനങ്ങളിലും 400 മീറ്റർ മെഡ്‌ലെയിലുമാണ് ലിയോൺ ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം 200 മീറ്റർ മെഡ്‌ലെയിൽ ലിയോൺ ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടുന്നത് കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അടക്കമുള്ളവർ എത്തിയിരുന്നു.
2008ൽ ബെയ്ജിംഗ് ഒളിമ്പിക്സിൽ മൈക്കേൽ ഫെൽപ്സിന് ശേഷം ഒരു ഒളിമ്പിക്സിൽ നിന്ന് നാലു വ്യക്തിഗത സ്വർണമെഡലുകൾ നേടുന്ന ആദ്യ താരമാണ് ലിയോൺ മഷാൻഡ്.