'മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകളെത്തി വീഡിയോയെടുക്കുന്നു'; വയനാട്ടിൽ ആവശ്യത്തിന് വോളണ്ടിയർമാർ മതിയെന്ന് മന്ത്രി

Sunday 04 August 2024 11:28 AM IST

കൽപറ്റ: വയനാട് ദുരന്തമേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'വോളണ്ടിയർ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള വോളണ്ടിയർമാർ മാത്രം മതി. വോളണ്ടിയർമാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതിൽ കൃത്യമായ നിയന്ത്രണം വേണം. ചിലർ ദുരന്തമേഖയിൽ അനാവശ്യമായി വരികയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇതിനെ ദുരന്ത ടൂറിസമായി കണ്ടുകൊണ്ട് വരുന്നവരുണ്ട്. ഡാർക്ക് ‌ടൂറിസമായി കാണുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്.

അതുപോലെ ഭക്ഷണം നല്ലനിലയിൽ വളരെ ആത്മാർത്ഥമായി പാകം ചെയ്ത് വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. എന്നാൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്ക് ഭക്ഷണം കഴിച്ചിട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഉൾപ്പെടെ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സൈനികർക്കൊക്കെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം രക്ഷാദൗത്യങ്ങളിൽ ഭക്ഷണം നൽകുന്നതിന് ഒരു സംവിധാനമുണ്ട്. കേരളത്തിൽ എല്ലാ കാര്യങ്ങളും ജനകീയമാണ്. ഷിരൂരിൽ പോയവർക്കറിയാം അവിടെ എത്രത്തോളം നിയന്ത്രങ്ങളാണുള്ളതെന്ന്. അവിടെ ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. അതിനാൽ തന്നെ ദുരന്തമേഖലയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നുണ്ട്.

ഭക്ഷണം ലഭ്യമല്ലെന്ന പരാതി വരുന്നയിടത്ത് ഭക്ഷണം എത്തിക്കാനുള്ള സംവിധാനവുമുണ്ട്. ഈ മേഖലയിൽ ഒരു കുഴപ്പവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാകാൻ പാടില്ല. ഭക്ഷണം വിതരണം ചെയ്യുന്നവർ നല്ല രീതിയിൽ തന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനിടെ ഭക്ഷണം വിതരണം ചെയ്യാനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മഹാഭൂരിപക്ഷവും വളരെ ആത്മാർത്ഥമായി ഇടപെടുമ്പോൾ വളരെ ചെറിയൊരു ന്യൂനപക്ഷം ഇത്തരം പോരായ്മകൾ വരുത്തുന്നത് വളരെ പ്രയാസമാണ്'- മന്ത്രി പറഞ്ഞു.