ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് സുരേഷ്‌ഗോപി, വയനാട് സന്ദർശിച്ചു

Sunday 04 August 2024 12:03 PM IST

കൽപ്പ​റ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സരേഷ്ഗോപി പറഞ്ഞു. ഉരുൾപാെട്ടലുണ്ടായ പ്രദേശങ്ങൾ ഇന്നുരാവിലെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. എല്ലാകാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച സുരേഷ്‌ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈനികരുമായി ചർച്ചനടത്തുകയും തുടർന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ച് നൽകുകയുംചെയ്തു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം കളക്ടറുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗവും ചേർന്നു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചർച്ച നടത്തി.

ഒരു പ്രകൃതിദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന് കഴിഞ്ഞദിവസം കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ച് പരിഗണിക്കുന്നതാണ് രീതിയെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുകയും ചെയ്തു. ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

2018,19 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയെ മുഴുവൻ മുക്കിയ വൻ വെള്ളപ്പൊക്കവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്തത്തിന് ഇരയായവർക്ക് വായ്പാ തിരിച്ചടവിലെ ആശ്വാസം അടക്കം ലഭിക്കും. ഇതിനൊപ്പം കൂടുതൽ ധനസഹായവും കിട്ടും. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിൽ അതൊന്നും പ്രതീക്ഷിക്കേണ്ട.