പ്രവാസികൾക്ക് ഓണസമ്മാനം ,​ കാത്തിരുന്ന തീരുമാനവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

Sunday 04 August 2024 7:45 PM IST

ന്യൂഡൽഹി: പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരവുമായി പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം - റിയാദ് റൂട്ടിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പ്രവാസികളുടെ ദീർഘകാലമായുള്ള യാത്രാദുരിതത്തിന് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരികെയും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. സെപ്തംബർ 9 മുതലാണ് പുതിയ സർവീസ് തുടങ്ങുക. അന്ന് വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ. എക്സ് 522 വിമാനം രാത്രി 10.40ന് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തും. തിരികെ അന്ന് രാത്രി 11.40ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. എല്ലാ തിങ്കളാഴ്ചകളിലും ഈ സർവീസുണ്ടായിരിക്കും.

അതേസമയം ഒമാന്റെ ബഡ്‌ജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലേക്ക് പുതിയ രണ്ട് സർവീസുകൾ കൂടി പ്രഖ്യാപിച്ചിരുന്നു. മുംബയിലേക്കും ബംഗളുരുവിലേക്കുമാണ് പുതിയ സർവീസുകൾ. മുംബയിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും ബംഗളുരുവിലേക്ക് ആഴ്ചയിൽ രണ്ട് സർ‌വീസുകളുമാണ് ഉണ്ടാകുക. സെപ്തംബർ രണ്ട് മുതൽ മുംബയിലേക്ക് സർവീസ് തുടങ്ങും. ബംഗളുരുവിലേക്ക് സെപ്തംബർ ആറു മുതലാണ് സർവീസുകൾ ആരംഭിക്കുക. കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ് ഫെയർ വിഭാഗത്തിൽ മുംബയ് സെക്ടറിൽ 19 റിയാലും ബംഗളുരു സെക്ടറിൽ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ബാഗേജ് അനുവദിക്കും. കൂടുതൽ ബാഗേജിന് അധിക തുക നൽകേണ്ടി വരും.

Advertisement
Advertisement