വയനാട് ദുരന്തം,​ തെരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ ഉൾവനത്തിൽ കുടുങ്ങി

Sunday 04 August 2024 8:55 PM IST
ഫയൽചിത്രം

കല്പറ്റ : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുണ്ടേരി ഉൾവനത്തിൽ തെരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവ‌ർ കുടുങ്ങിയതെന്നാണ് വിവരം. എമർജൻസ് റസ്ക്യു ഫോഴ്‌സിന്റെ 14 പ്രവർത്തകർ ,​ ടീം വെൽഫയറിന്റെ രക്ഷാപ്രവർത്തകരായ നാലുപേർ എന്നിവരാണ് ഉൾവനത്തിൽ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ ഒരു മൃതദേഹവും കൊണ്ടുവരാൻ കഴിയുന്നില്ല. ഇവരെ തിരിച്ചെത്തിക്കുന്നതിനായി മുണ്ടേരിയിൽ ജില്ലാ പൊലീസ് മേധാവി ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്.

മുണ്ടേരിയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഇവർ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിച്ച് നൽകാനും എയർലിഫ്ട് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമം നടക്കുകയാണ്. സംഘത്തിലുള്ളവരുടെ വയർലെസ് സെറ്റ് വഴി നേരത്തെ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് വിവരം.

ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ തെരച്ചിലിനായി പോയത്. ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഈ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.

ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവർത്തകരെ എയർ ലിഫ്ട് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.