'ഫാസിസ്റ്റ് നടപടി'
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ചതിന്റെ പേരിൽ കളമശേരിയിലെ കോൺഗ്രസ് പ്രവർത്തകൻ കെ.എച്ച് ഷിജുവിനെതിരായ പൊലീസ് കേസ് ഫാസിസ്റ്റ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം മുൻ ഏരിയാ സെക്രട്ടറിയുടെ പരാതിയിലെ പൊലീസിന്റെ അതിവേഗ ഇടപെടൽ വിചിത്രമാണ്. കോൺഗ്രസ് പ്രവർത്തകനെതിരായ കേസിൽ പൊലീസ് കാട്ടിയ തിടുക്കം പരാതിക്കാരനായ സി.പി.എം നേതാവ് മുമ്പ് നടത്തിയ തട്ടിപ്പുകളിൽ ഉണ്ടായില്ല. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയിൽ നിന്ന് പോലും നടപടി നേരിട്ടയാളാണ് സക്കീർ ഹുസൈൻ. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിസ്ഥാനത്തുണ്ടായിരുന്നു ഇതേ സി.പി.എം നേതാവ്. അത്തരത്തിൽ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയിൽ യാതൊരു ക്രിമിനൽ കേസുകളിലും ആരോപണം നേരിട്ടിട്ടില്ലാത്ത പൊതുപ്രവർത്തകനെതിരെ കേസെടുക്കുമ്പോൾ പൊലീസ് പാലിക്കേണ്ട മാന്യത കാട്ടിയില്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെങ്കിൽ അതിനുത്തരവാദി സർക്കാർ തന്നെയാണ്. ആ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. വയനാട്ടിലെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ് ഒപ്പം തന്നെയുണ്ട്. സർക്കാരിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളിൽ പ്രതികാര നടപടികൾ തുടർന്നാൽ അതിനെ നോക്കിയിരിക്കില്ലെന്ന് ഷിയാസ് വ്യക്തമാക്കി.