അച്ഛനും മകനുമുൾപ്പെടെ 4 പേർ കരമനയാറ്റിൽ മുങ്ങി മരിച്ചു, ഒഴുക്കിൽപെട്ടത് ഐ.ജിയുടെ ഡ്രൈവറും ബന്ധുക്കളും
ആര്യനാട്: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പൊലീസ് ഡ്രൈവറും മകനും ബന്ധുക്കളുമടക്കം നാലുപേർ മുങ്ങി മരിച്ചു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ ആര്യനാട് കോട്ടയ്‌ക്കകം പൊട്ടൻചിറ ശ്രീനിവാസിൽ അനിൽകുമാർ (50), മകൻ അമൽ (13), അനിൽകുമാറിന്റെ സഹോദരൻ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി കഴക്കൂട്ടം കുളത്തൂർ വൈകുണ്ഠം വീട്ടിൽ സുനിൽകുമാറിന്റെ മകൻ അദ്വൈത് (22), സഹോദരി നിയമസഭ ജീവനക്കാരി കുളത്തൂർ കിഴക്കുംകര കൈലാസം വീട്ടിൽ ശ്രീപ്രിയയുടെ മകൻ ആനന്ദ് (25 ) എന്നിവരാണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ അനിൽകുമാറിന്റെ മറ്റൊരു മകൻ അഖിൽ, സുനിൽകുമാറിന്റെ മറ്റൊരു മകൻ അനന്തരാമൻ എന്നിവർ നീന്തി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലരയോടെ മൂന്നാറ്റുമുക്കിന് സമീപം വരിപ്പാറ കടവിലായിരുന്നു അപകടം. പേപ്പാറ ഡാമിന്റെ ഷട്ടർ തുറന്നിരുന്നതിനാൽ ഒഴുക്ക് കൂടുതലായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് മറ്റുള്ളവരും അപകടത്തിൽപെട്ടത്. നീന്തി രക്ഷപ്പെട്ടവർ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെടുമങ്ങാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ഇന്നലെ രാവിലെ 11ന് സുനിൽകുമാറും ശ്രീപ്രിയയും മക്കളുമായി അനിൽകുമാറിന്റെ ആര്യനാട്ടെ വീട്ടിൽ എത്തി. ഉച്ചഭക്ഷണത്തിനു ശേഷം ഒരു കിലോമീറ്റർ അകലെ പറണ്ടോട് മൂന്നാറ്റുമുക്കിന് സമീപം അനിൽകുമാറിന്റെ കൃഷിയിടത്തിൽ വളമിടാനായി പോ
യി. തുടർന്നാണ് വരിപ്പാറ കടവിൽ കുളിക്കാനിറങ്ങിയത്.
ആര്യനാട് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമൽ നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ്. ആനന്ദ് ബാങ്ക് ജോലിക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എൽ.എൽ.ബി വിദ്യാർത്ഥിയാണ് അദ്വൈത്.
സരിതയാണ് അനിൽകുമാറിന്റെ ഭാര്യ. അദ്വൈതിന്റെ അമ്മ: മിനി (സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്), സഹോദരി അഭിരാമി. ചെന്നൈ എയർപോർട്ട് ജീവനക്കാരനായ സനലാണ് ആനന്ദിന്റെ പിതാവ്. സഹോദരൻ അരവിന്ദ്.