ഉരുൾ വീടിനെ കൊണ്ടു പോയി, പണം കള്ളൻമാരും
മേപ്പാടി: മരണം മുന്നിൽക്കണ്ട് പ്രാണനുമായി ഓടിയപ്പോൾ വീട് ഉരുളെടുത്തു. അലമാരയിലുണ്ടായിരുന്ന പണമാകട്ടെ കള്ളന്മാരും കൊണ്ടുപോയി. ഉരുൾപൊട്ടലിൽ ഭാഗികമായി നശിച്ച വീടുകളിലെല്ലാം വ്യാപകമോഷണമാണ് നടക്കുന്നത്.
ചൂരൽമല ഗിരീഷ് നിവാസിൽ ജയേഷിന്റെ വീട്ടിൽ അവശേഷിച്ച അലമാരയിലുണ്ടായിരുന്ന പണമാണ് കള്ളന്മാർ കവർന്നത്. ഹൈസ്‌കൂൾ റോഡിലാണ് ഇവരുടെ വീടുണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ വീട് പൂർണമായും നശിച്ചെങ്കിലും രണ്ട് ചുമരുകൾക്കിടയിൽ മേശയും അലമാരയും ഉൾപ്പെടെയുള്ള സാധനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഉരുൾ പൊട്ടിയതോടെ അച്ഛനും അമ്മയും ഭാര്യയും മക്കളുമായി ജയേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഉയർന്ന പ്രദേശത്തേക്കോടിയ ജയേഷും കുടുംബവും ഒരു കുന്ന് കയറി രക്ഷപ്പെട്ടു. കുടുംബത്തെ സുരക്ഷിതമാക്കിയ ശേഷം ബന്ധുക്കളെ തെരഞ്ഞിറങ്ങിയ ജയേഷ് തകർന്ന വീടിന് സമീപം ഈ അലമാര കണ്ടതാണ്. അടുത്ത ബന്ധുക്കളെ തെരയുന്ന തിരക്കിൽ അവയിൽ ശേഷിക്കുന്നതൊന്നും എടുക്കാൻ മുതിർന്നില്ല. പിന്നീട് ക്യാമ്പിലെത്തിയശേഷം സുഹൃത്തുക്കളെ വിട്ട് അന്വേഷിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് പണം കവർന്ന വിവരം അറിയുന്നത്. അലമാരയിലുണ്ടായിരുന്ന സാരിയെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജയേഷിന്റെ കുടുംബത്തിൽ മാത്രം പത്തു പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേരുടെ മൃതദേഹം ഇനിയും കിട്ടിയിട്ടില്ല.
നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. അതിൽ പലതും ഭാഗികമായേ തകർന്നിട്ടുള്ളു. തകരാത്ത വീടുകളുമുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്തുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വീടുകൾക്കെല്ലാം ആര് സുരക്ഷ നൽകുമെന്നാണ് ജയേഷ് ചോദിക്കുന്നത്.