സർക്കാരിന്റെ കരങ്ങളായി ആയിരത്തിലേറെ ഉദ്യോഗസ്ഥർ

Monday 05 August 2024 1:14 AM IST

കൽപ്പറ്റ: ദുരന്തമുഖത്തെ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ ക്ഷേമവും ഏകോപിപ്പിക്കുന്നത് ആയിരത്തിലേറെ സർക്കാർ ജീവനക്കാർ.

സിവിൽ സ്റ്റേഷൻ 24 മണിക്കൂറും ഉണർന്നിരിക്കുകയാണ്. ഒപ്പം, ചൂരൽമലയിലെ താത്ക്കാലിക കൺട്രോൾ റൂമും.

രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം, ടെക്നിക്കൽ ടീമിന്റെ രൂപീകരണം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, വിവരശേഖരണം, ക്യാമ്പിലുള്ളവരുടെ ആരോഗ്യസംരക്ഷണം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്‌- കൈമാറ്റം-സംസ്‌കാരം, കാണാതായവരുടെ വിവരശേഖരണം, അന്യസംസ്ഥാന തൊഴിലാളികളുടെ പരിചരണം, വോളണ്ടിയർ മാനേജ്‌മെന്റ്, രജിസ്‌ട്രേഷൻ, ഡാറ്റാ മാനേജ്‌മെന്റ്, കോൾ സെന്റർ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം-വിതരണം, കൗൺസലിംഗ് സേവനം, വെഹിക്കിൾ മാനേജ്‌മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെയുള്ള ചുമതലകളാണ് ഉദ്യോഗസ്ഥർ നിറവേറ്റുന്നത്. ഇതിനായി ഓരോ വിഭാഗമായി തിരിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിദിന റിപ്പോർട്ടുകൾ സർക്കാരിലേക്ക് ലഭ്യമാക്കുകയും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങൾ, ഉപകരണങ്ങൾ, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കുകയുമാണ് ഏകോപന ടീമിന്റെ ചുമതല.

ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ ഉറപ്പാക്കൽ, അധിക ക്യാമ്പുകൾക്ക് സ്ഥലം കണ്ടെത്തൽ, ഭക്ഷണം, ശുചിത്വം, കൗൺസലിംഗ്, സന്ദർശകർക്കുള്ള റിസപ്ഷൻ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ളവർ ഏകോപിപ്പിക്കുന്നു. ക്യാമ്പിലെ 'ആരോഗ്യ പ്രശ്നമുള്ള അന്തേവാസികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നത് ആരോഗ്യ വകുപ്പിന്റെ സംഘമാണ്.

Advertisement
Advertisement