ദുരന്തം കൊയ്യുന്ന വയനാട് ....

Monday 05 August 2024 1:37 AM IST

1984ൽ മുണ്ടക്കൈയിലാണ് ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത്.അന്ന്സംഭവ സ്ഥലത്ത് പോയിരുന്നു . മരണപ്പെട്ടത് ഏറെയും ആദിവാസികളായിരുന്നു.വാർത്താ ചാനലുകൾ സജീവമല്ലാത്ത കാലമായിരുന്നു.ഇന്നത്തെ പോലെ വിപുലമായ രക്ഷാ പ്രവർത്തനവും അന്ന് ഉണ്ടായില്ല. അതിന് ശേഷം പടിഞ്ഞാറത്തറക്കടുത്ത കാപ്പിക്കളത്ത് 1992 ജൂൺ 19ന് വൻ ഉരുൾ പൊട്ടൽ ഉണ്ടായി .ഒരു കുടുംബത്തിലെ പതിനൊന്ന് പേർ മരിച്ചു. പന്ത്രണ്ട് വയസുളള പ്രീതി എന്ന കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.സർക്കാരിന്റെ ദത്ത് പുത്രിയായ പ്രീതി ഇപ്പോൾ സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസിലെ ജീവനക്കാരിയാണ്. അന്ന് അവിടെ പോയി റിപ്പോർട്ട് ചെയ്യുന്നതിടെ ഈ ലേഖകൻ ചെളിയിൽ പൂണ്ടു.അന്ന് ഇവിടെ എ. എസ്.പിയായിരുന്ന അരുൺകുമാർ സിൻഹയും (പ്രധാനമന്ത്രിയുടെ സുരക്ഷാ ചീഫായിരുന്ന സിൻഹ അടുത്തിടെ അർബ്ബുദ ബാധിതനായി മരണമടഞ്ഞു) പൊലീസ് ഡ്രൈവർ പി.കെ.അലവിക്കുട്ടിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആ ഉരുൾ പൊട്ടലിൽ രക്ഷപ്പെട്ട പ്രീതിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ് അന്ന് പ്രവേശിപ്പിച്ചത്. സർജൻ ഡോ: എം.കെ.ബാലചന്ദ്രന്റെ കരുതലാണ് പ്രീതിയുടെ ജീവൻ തിരിച്ച് കിട്ടാൻ ഇടയാക്കിയത്.ചെളിയിൽ പൂണ്ട പ്രീതി ആശുപത്രിയിൽ എത്തുമ്പോൾ മരണത്തിന്റെ വക്കിലായിരുന്നു.ഉറക്കമൊഴിഞ്ഞ് ഡോക്ടർ പ്രീതിക്ക് കാവലിരുന്നു.നഴ്സുമാരും മറ്റും കുട്ടിയെ കെട്ടിപ്പിടിച്ച് കിടന്നതും ഓർമ്മയുണ്ട്.2019 ആഗസ്റ്റ് ഏഴിന് വൈകിട്ട് നാല് മണിക്ക് മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിലും ഉരുൾപൊട്ടി.പതിനേഴോളം പേർ മരണത്തെ പുൽകി.പതിമൂന്ന് പേരുടെ മൃതദേഹം സ്ഥലത്ത് നിന്നും ചാലിയാർ പുഴയിൽ നിന്നുമായി കണ്ടെടുത്തു.അഞ്ച് പേരെ ഇതേവരെ കണ്ടെത്തിയിട്ടില്ല.അവർക്കായി കുറെ നാൾ തിരച്ചിൽ നടത്തി.ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു.എന്നാൽ അതിനെയൊക്ക ഞെട്ടിച്ച് കൊണ്ട് ഇപ്പോഴിതാ മേപ്പാടി പഞ്ചായത്തിലെ ചൂരൽ മലയിലും ,മുണ്ടക്കൈയിലും ഉരുൾ പൊട്ടൽ നടന്നിരിക്കുന്നു.357ൽ അധികം പേർ മരിച്ചു. ഇരുന്നൂറിലേറെപ്പേരെകാണാതായിട്ടുണ്ട്.കരളലിയിപ്പിക്കുന്നതാണ് ഇവിടെ നിന്നുളള രംഗങ്ങൾ.ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ ഈ ദുരന്തവും എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വന്നു.സ്വന്തം അച്ഛനും അമ്മയും മരണപ്പെട്ടപ്പോഴും ഞാൻ കരഞ്ഞിട്ടില്ല.പക്ഷെ ഈ ദുരന്തം എന്നെ കരയിപ്പിച്ചു.എന്നെ മാത്രമല്ല,കേരളത്തെ,അല്ലെങ്കിൽ ഇത് കണ്ട ലോകത്തെ മുഴുവൻ ജനതയെയും.ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കാനെ കഴിയുന്നുള്ളു .