വയനാട് ,​ എസ്.എൻ.ഡി.പി യോഗം 25 ലക്ഷം നൽകും

Monday 05 August 2024 1:46 AM IST

ആലപ്പുഴ: വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്.എൻ.ഡി.പി യോഗം 25 ലക്ഷം രൂപ നൽകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

വയനാട് ദുരന്തം രാജ്യത്തെ ഞടുക്കിയിരിക്കുകയാണ്.കേരളത്തെ പിടിച്ചുലച്ച ദുരന്തത്തിൽ അടിപതറിയ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.ശക്തവും ശാസ്ത്രീയവും ദീർഘവീക്ഷണത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകണം.ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് ജീവിതം കരുപിടിപ്പിക്കുന്നതിന് ആവശ്യമായതെല്ലാം നൽകണം. ഗുരുതരമായി പരിക്കേറ്റവരുടെയും നാശനഷ്ടങ്ങൾക്കിരയായവരുടെയും രോദനങ്ങൾ നാടിന്റെ സങ്കടമായി ഏറ്റെടുക്കണം.കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. സർക്കാരിന്റെ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെയുള്ള അതിജീവന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കാരുണ്യവീഥിയിൽ വിശ്രമമില്ലാതെ അവിരാമം പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മഹിമ കൂടിയാണിത്. ദുരിതബാധിതരോടുള്ള യോഗത്തിന്റെ അനുതാപം അറിയിക്കുന്നു.ദുരന്ത നിവാരണവും പുനരധിവാസവും മുൻ നിറുത്തിയുള്ള പ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും സഹായവും അറിയിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement