അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് കൂടുതൽ പേർക്ക്; തലസ്ഥാനത്ത് ഒരു മരണം, നാലുപേർ ചികിത്സയിൽ

Monday 05 August 2024 11:15 AM IST

തിരുവനന്തപുരം: ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരം തലസ്ഥാനത്തും സ്ഥിരീകരിച്ചു. പ്ളാവറത്തല സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് കുളിച്ച കുളത്തിൽ നിന്ന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ 27കാരൻ മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് 26കാരനിൽ രോഗം കണ്ടെത്തിയത്. ഇതേ കുളത്തിൽ കുളിച്ച മറ്റ് മൂന്നുപേർ കടുത്ത പനിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗനിർണയത്തിന് പിന്നാലെ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

പ്ളാവറത്തലയിൽ അനീഷ് (26), പൂതംകോട് സ്വദേശി അച്ചു (25), പൂതംകോടിന് സമീപം ഹരീഷ് (27), ബോധിനഗർ സ്വദേശി ധനുഷ് (26) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ അനീഷിനാണ് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായി അധികൃതർ അറിയിച്ചു.

അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്ക് സമീപത്തെ കാവിൻകുളത്താണ് അനീഷും മറ്റ് യുവാക്കളും കുളിച്ചത്. ഇതേകുളത്തിൽ കുളിച്ച കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു-27) കഴിഞ്ഞ 23നാണ് മരിച്ചത്. മരിക്കുന്നതിന് പത്തുദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്. തുടർന്ന് വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പത്ത് വർഷം മുൻപ് മരത്തിൽ നിന്ന് വീണ് അഖിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് കോലഞ്ചേരി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. പനിക്കൊപ്പം കടുത്ത തലവേദനയും ഉണ്ടായിരുന്നതിനാൽ മുൻപത്തെ അപകടമായി ബന്ധപ്പെട്ടതാണോ എന്നറിയാൻ കോലഞ്ചേരി ആശുപത്രിയിൽ വീണ്ടും ചികിത്സ തേടിയതായി ബന്ധുക്കൾ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയാണ് മരണകാരണമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.

കുളത്തിൽ കുളിച്ച രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണറവിളയ്ക്ക് സമീപത്തെ കാവിൻകുളത്തിൽ ഇറങ്ങുന്നത് ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്ന് കർശനമായി വിലക്കി. ഇതുസംബന്ധിച്ച് നോട്ടീസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

Advertisement
Advertisement