അടുക്കളയിലെ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം അപ്രത്യക്ഷമാകുമോ? ഗുരുതരമായ പ്രതിസന്ധി

Monday 05 August 2024 11:19 AM IST

ആലപ്പുഴ: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ, ആഴ്ചകൾ നീണ്ട വറുതിക്ക്

ക്കൊടുവിൽ പ്രതീക്ഷയോടെ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് വെറുംകൈയോടെ. ഭൂരിഭാഗം യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കും അഞ്ചാം ദിവസവും നിരാശയായിരുന്നു ഫലം.

ഒറ്റപ്പെട്ട ബോട്ടുകൾക്കും വള്ളങ്ങൾക്കുമാണ് കുറച്ചെങ്കിലും കരിക്കാടിയും കിളിമീനും കിട്ടിയത്. ഇതിനാണെങ്കിൽ വിലയുമില്ല. വള്ളക്കാരുടെ സ്ഥിതിയും ഇതുതന്നെ. നാമമാത്രമായി ലഭിക്കുന്ന മത്തിക്ക് മാത്രമാണ് വിലകിട്ടുന്നത്. ഇന്ധന ചെലവിനുള്ള വില പോലും കിട്ടാതായതോടെ ഭൂരിഭാഗം ബോട്ടുകളും തീരത്ത് കയറ്റിയിട്ടിരിക്കുകയാണ്.

52 ദിവസത്തെ ട്രോളിംഗ് നിരോധനം കടന്ന് ഒന്നിന് പുലർച്ചെ വലിയ പ്രതീക്ഷയോടെയാണ് തോട്ടപ്പള്ളി, കായംകുളം, അർത്തുങ്കൽ, അന്ധകാരനഴി തീരങ്ങളിൽ നിന്ന് ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. എന്നാൽ കാര്യമായി ഒന്നുംകിട്ടിയില്ല. കിട്ടിയതിനാകട്ടെ വിലയുമില്ല. ഭാരിച്ച ചെലവ് വരുന്ന മത്സ്യബന്ധന മേഖലയെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൈക്കാശ് നഷ്ടം # ഇന്ധനവിലയിലെ വർദ്ധന മത്സ്യബന്ധന മേഖലയെ തളർത്തി

# യന്ത്ര വത്കരണ ബോട്ടുകൾക്ക് ഒരു ദിവസത്തെ ചെലവ് 35,000 രൂപ

# വള്ളങ്ങൾക്ക് ഒരു ദിവസം കടലിൽ പോകുന്നതിന് ഡീസൽ ചെലവ് 7000 രൂപ

# മീൻ കിട്ടിയാലും ഇല്ലെങ്കിലും തൊഴിലാളിക്ക് 400- 600രൂപ ബാറ്റ നൽകണം

# ചെലവുകാശുപോലും കിട്ടാതെയാണ് പല വള്ളങ്ങളുടെയും മടക്കം

മീൻവില (കിലോക്ക്)​

കരിക്കാടി: 12- 40

കിളിമീൻ: 70

നങ്ക്: 80

മത്തി: 160

താട,പരവ, കുറിച്ചി: 50

അമേരിക്കയിലെ നിയന്ത്രണത്തിന്റെ പേരിൽ ചെമ്മീന് വില ലഭിക്കാത്തത് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനത്തിനുള്ള പണംപോലും കിട്ടാത്ത അവസ്ഥയാണ്. മീൻ ലഭ്യതയും കുറവാണ്. കടൽ ഇളകി ചാകര ഉറയ്ക്കുമെന്ന പ്രതീക്ഷയിലാണ്

ശ്രീകുമാർ, തോട്ടപ്പള്ളിയിലെ ബോട്ട് ഉടമ