ചോര നീരാക്കി സമ്പാദിച്ച പണം എവിടെ നിക്ഷേപിക്കുമെന്ന് പേടി വേണ്ട, വിരമിച്ച ശേഷവും മാസം 20,000 കൈയിൽ കിട്ടും
ഒരായുഷ്‌കാലം മുഴുവൻ ചോരനീരാക്കി കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം നിക്ഷേപിച്ച ശേഷം അത് കൈയിൽ കിട്ടാതെ കഷ്‌ടപ്പെടുന്ന മനുഷ്യരുടെ വാർത്ത നാം പലപ്പോഴും കാണാറുണ്ട്. പലിശ ഉയർന്നതാണെന്ന് ബോദ്ധ്യപ്പെടുത്തി ഇത്തരം സംഘങ്ങൾ പലപ്പോഴും നമ്മുടെ പണം വാങ്ങി ആദ്യം വിശ്വാസ്യത കാട്ടുകയും പിന്നെ കബളിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ സർക്കാർ പിന്തുണയുള്ളവയിൽ അത്തരം ഭയപ്പാടിന്റെ ആവശ്യമില്ല. പോസ്റ്റ് ഓഫീസുകളിലെ ചെറുകിട സമ്പാദ്യ പദ്ധതികളെല്ലാം സുരക്ഷിതമാണ്.
അപ്പോൾ അവ ബാങ്കിലെ സ്ഥിരനിക്ഷേപത്തെക്കാൾ മികച്ച പലിശയും നൽകിയാലോ? കൊള്ളാവുന്ന അത്തരമൊരു സ്‌കീമാണ് ഇവിടെ പറയുന്നത്. പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം വഴി മാസം പരമാവധി 20,000 രൂപവരെ നേടാനാകും.
വെറും ആയിരം രൂപ മുടക്കിയാൽ ഈ സ്‌കീമിൽ ചേരാൻ കഴിയും. ചേരുന്നവരുടെ പ്രായപരിധി പരമപ്രധാനമാണ്. 60 വയസിന് മുകളിലുള്ളവർക്കാണ് പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അംഗമാകാൻ കഴിയുക. 55 വയസിനും 60 വയസിനുമിടയിൽ പ്രായമുള്ള റിട്ടയേർഡ് സിവിലിയൻ ജീവനക്കാർക്കും അംഗമാകാം. എന്നാൽ വിരമിക്കൽ ആനുകൂല്യം ലഭിച്ച് ഒരുമാസത്തിനകം ആദ്യ നിക്ഷേപം നടത്തണം.
പ്രതിരോധ മേഖലയിൽ ജോലി ചെയ്‌ത 50നും 60നുമിടയിൽ പ്രായമുള്ള വിരമിച്ചവർക്കും പദ്ധതിയിൽ ചേരാം. ഇവരും വിരമിക്കൽ ആനുകൂല്യം ലഭിച്ച് ഒരുമാസത്തിനകം ആദ്യ നിക്ഷേപം നടത്തണം. വ്യക്തിക്കോ പങ്കാളിക്കൊപ്പമോ പദ്ധതിയിൽ ചേരുന്നതിന് സാധിക്കും. എന്നാൽ ആദ്യ അക്കൗണ്ട് ഹോൾഡർക്കാണ് പണം പിൻവലിക്കാൻ കഴിയുക.
ആയിരം രൂപ മുതൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. അഞ്ച് വർഷമാണ് മെച്വറിറ്റി കാലയളവ്. ഇതിന് മുൻപ് അക്കൗണ്ട് ക്ളോസ് ചെയ്‌താൽ അക്കൗണ്ട് ഉടമയിൽ നിന്നും ചെറിയൊരു പിഴ ഈടാക്കും. ആദായനികുതി നിയമത്തിലെ 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെ വാർഷിക ഇളവ് ഈ സ്കീമിൽ ചേരുന്നവർക്ക് ലഭിക്കും. ഏപ്രിൽ, ജൂലായ്, ഒക്‌ടോബർ,ജനുവരി മാസങ്ങളിലാണ് പലിശ നൽകുക. കാലാവധിക്ക് മുൻപ് അക്കൗണ്ട് ഉടമ മരിച്ചാൽ ആ അക്കൗണ്ട് ക്ളോസ് ആകുകയും തുക അദ്ദേഹത്തിന്റെ നോമിനിയ്‌ക്ക് കൈമാറുകയും ചെയ്യും. മതിയായ രേഖ നൽകിയാൽ മെച്വറിറ്റി സമയത്തിന് ശേഷം മൂന്ന് വർഷം കൂടി അക്കൗണ്ട് തുടരാനും സാധിക്കും.