ദുരിതാശ്വാസ നിധി സമാഹരണം ഇതിൽ സുതാര്യമായി എനിക്ക് തോന്നി, ആപ്പിനെ കുറിച്ച് ജോയ് മാത്യു

Monday 05 August 2024 2:43 PM IST

വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ധനസമാഹരണത്തിനായി മുസ്ളിം ലീഗ് പുറത്തിറക്കിയ ആപ്പിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു. സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും ! അതിനാൽ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ജോയ് മാത്യുവിന്റെ കുറിപ്പ്-

ദുരിതർക്ക് ആശ്വാസം നൽകാനായിരിക്കണം ദുരിതാശ്വാസ ഫണ്ടുകൾ .
അതിലേക്ക് നൽകുന്നവനും അതിൽ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം. ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ മുസ്ലിം ലീഗ് അത് നല്ല രീതിയിൽത്തന്നെ പ്രാവർത്തികമാക്കി തങ്ങൾ കാലത്തിനൊപ്പമാണെന്ന് തെളിയിച്ചു .
for wayanad എന്ന ആപ്പിലൂടെയുള്ള ദുരിതാശ്വാസ നിധി സമാഹരണം സുതാര്യമായി എനിക്ക് തോന്നി .യൂട്യൂബർ രാജൻ ജോസഫിന്റെ ഒരു വീഡിയോയിൽ നിന്നാണ് ഞാനിതറിഞ്ഞത് .

സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും ! അതിനാൽ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് രണ്ടുദിവസം മുമ്പ് ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റലായാണ് ഫണ്ട് സമാഹരണം നടത്തുന്നതെന്ന് ആപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാവരുടെയും സഹായം ഇതിനായി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 48 മണിക്കൂറിനുള്ളില്‍ അഞ്ചേകാൽ കോടി രൂപയോളമാണ് സംഭാവനയായി എത്തിയത്‌.

ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് പുനരധിവാസത്തിന് വേണ്ടി മുസ്ലിം ലീഗ് തയ്യാറാക്കുന്നത്. ഇതിനായി വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണം,' സാദിഖലി തങ്ങള്‍ പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement