'കേന്ദ്രമന്ത്രിയെ  പഠിപ്പിക്കാനുള്ള  അവസരമല്ല ഇത്';  ഭൂപേന്ദർ യാദവിന്റെ വിമർശനത്തിനെതിരെ എകെ  ശശീന്ദ്രൻ

Monday 05 August 2024 3:12 PM IST

കൽപ്പറ്റ: കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിമർശനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഭൂപേന്ദർ യാദവ് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെയായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.

അതേസമയം, വയനാട് മുണ്ടക്കെെ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും കണക്കുകൾ പ്രകാരം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.

പുത്തുമലയിലെ 64 സെന്റ് സ്ഥലത്ത് തിരിച്ചറിയാത്ത 31 ഭൗതിക ശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടെയും സംസ്കാരം ഇന്ന് നടത്തുമെന്നും മന്ത്രി അറിയിച്ചു. മരിച്ച് 72 മണിക്കൂറിന് ശേഷവും തിരിച്ചറിയാൻ സാധിക്കാത്ത പക്ഷം അജ്ഞാത മൃതദേഹമായി കരുതി സംസ്കരിക്കാൻ നിയമമുണ്ടെങ്കിലും സംസ്കാര നടപടികൾക്ക് തൊട്ടുമുൻപ് വരെ ബന്ധുക്കൾക്ക് തിരിച്ചറിഞ്ഞ് കൊണ്ടുപോവാൻ സർക്കാർ അവസരം ഒരുക്കിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങളുടെയടക്കം ഡിഎൻഎ എടുക്കുകയും സംസ്കരിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് സംസ്കാരം നടത്തുക.

ചൂരൽമലയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കാണാതായ അവസാനത്തെ വ്യക്തിയെയും കണ്ടെത്തുന്നത് വരെ പരിശോധന തുടരുമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.