വയനാടിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് , നിർദ്ദേശം മുന്നോട്ട് വച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തഭൂമിയാക്കിയ വയനാടിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ചിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ടു വച്ചത്. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 10 ദിവസത്തെ ശമ്പളം നൽകാനാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സർവീസ് സംഘടനകൾക്കിടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. താത്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ നിർദ്ദേശിച്ചു. ഗഡുക്കൾ ആയി നൽകാൻ അവസരം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും.
അതേസമയം സാലറി ചലഞ്ചിനെ ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) സ്വാഗതം ചെയ്തു, ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു