അടിതെറ്റി ആഗോള വിപണികൾ , അമേരിക്ക മാന്ദ്യത്തിലേക്ക്

Tuesday 06 August 2024 4:12 AM IST

ഓഹരി വിപണികളിൽ തകർച്ച

സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക്

രൂപ റെക്കാഡ് താഴ്ചയിൽ

കൊച്ചി: അമേരിക്കയിലെ മാന്ദ്യ ഭീതിയിൽ ലാേകമൊട്ടാകെ വിപണികൾ തകർന്നടിഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായതും കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവുമാണ് മാന്ദ്യ ഭീതി സൃഷ്‌ടിക്കുന്നത്. ആശങ്കയിലായ നിക്ഷേപകർ വില്പന ശക്തമാക്കിയതോടെ ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഹരി വിപണികൾ മൂക്കുകുത്തി. ഇന്ത്യയിൽ സെൻസെക്സ് 2,222.5 പോയിന്റും നിഫ്റ്റി 662.11 പോയിന്റും തകർന്നു. ഇന്നലെ മാത്രം ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 15 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. ബാങ്ക് ഒഫ് ജപ്പാൻ പലിശ കാൽ ശതമാനം വർദ്ധിപ്പിച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ നഷ്ടത്തോടെ റെക്കാഡ് താഴ്ചയായ 83.84ലേക്ക് ഇടിഞ്ഞു. ജപ്പാനിലെ മുഖ്യ ഓഹരി സൂചികയായ നിക്കി ഇന്നലെ പതിമൂന്ന് ശതമാനം ഇടിഞ്ഞു. ആഗോള കമ്പനികളായ ആപ്പിൾ, മെറ്റ, ഇന്റൽ, ആൽഫബെറ്റ് തുടങ്ങിയവയുടെയെല്ലാം ഓഹരി വിലയിൽ വൻ തകർച്ചയാണ് രണ്ട് ദിവസത്തിനിടെയുണ്ടായത്. ക്രൂഡോയിൽ വിലയിലും ഒന്നര ശതമാനം കുറവുണ്ടായി. അതേസമയം സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് നിക്ഷേപ ഒഴുക്ക് കൂടുകയാണ്.