നീരജ് ഇന്ന് യോഗ്യതാ റൗണ്ടിന്

Monday 05 August 2024 11:28 PM IST

1.30 pmന് യോഗ്യതാ മത്സരങ്ങൾ തുടങ്ങും

പാരീസ് : രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും തോളിലേറ്റി ജാവലിൻ പായിക്കാൻ നീരജ് ചോപ്ര ഇന്ന് പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ പ്രാഥമിക റൗണ്ട് മത്സരത്തിന് ഇറങ്ങുന്നു. ടോക്യോ ഒളിമ്പിക്സിൽ നേടിയ സ്വർണം പാരീസിലും എറിഞ്ഞിടുകയാണ് നീരജിന്റെ ലക്ഷ്യം. സീസണിന്റെ തുടക്കം മുതൽ നേരിയ പരിക്കിന്റെ പിടിയിലായിരുന്ന നീരജിന്റെ തയ്യാറെടുപ്പുകളുടെ വിലയിരുത്തലാകും ഇന്നത്തെ യോഗ്യതാ റൗണ്ട് മത്സരം.

16 പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി 32 താരങ്ങളാണ് ജാവലിൻ ത്രോയുടെ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് നീരജ് ഇറങ്ങുന്നത്. ആദ്യ ഗ്രൂപ്പിൽ മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെന മത്സരിക്കും. 84 മീറ്റർ ആണ് യോഗ്യതാ റൗണ്ടിൽ കണ്ടെത്തേണ്ട മിനിമം ദൂരം. ഈ ദൂരം കടക്കുന്ന എല്ലാവരും അല്ലെങ്കിൽ ഇരു ഗ്രൂപ്പുകളിലുമായി മുന്നിലെത്തുന്ന 12 താരങ്ങൾ ഫൈനലിലേക്ക് കടക്കും. ആഗസ്റ്റ് എട്ടിനാണ് ഫൈനൽ.

90 മീറ്റർ മറികടക്കുകയാണ് ഈ ഒളിമ്പിക്സിൽ നീരജ് ലക്ഷ്യമിടുന്നത്. 89.94 മീറ്ററാണ് നീരജിന്റെ പേഴ്സണൽ ബെസ്റ്റ്. പക്ഷേ ഈ സീസണിൽ കുറിച്ച മികച്ച ദൂരം 88.36 മീറ്ററാണ്.

യോഗ്യതാ റൗണ്ടിൽ നീരജിനൊപ്പം ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്ന പാകിസ്ഥാന്റെ അർഷദ് നദീം (90.18 മീ), ജർമ്മനിയുടെ മാക്സ് ഡെനിംഗ് (90.20 മീ),ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ (93.07) എന്നിവർ കരിയറിൽ 90 മീറ്റർ കടന്നവരാണ്. ഇവരിൽ ഡെനിംഗ് ഒഴികെയാരും ഈ സീസണിൽ 90 കടന്നിട്ടില്ല.

ഗ്രൂപ്പ് എയിൽ കെനിയയുടെ ജൂലിയസ് യെഗോ(92.72), ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് (90.16), ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വൽദേഷ് (90.88) എന്നിവരൊക്കെ 90 മീറ്റർ കടന്നിട്ടുള്ളവരാണ്. പക്ഷേ ഈ സീസണിൽ ഇവർക്കാർക്കും ഈ ദൂരത്തിന് അടുത്തെത്താനായില്ല.

യോഗ്യതാ റൗണ്ടിൽ വലിയ പരിശ്രമത്തിന് മുതിരാതെ ഫൈനലിൽ ക‌ടക്കാൻ ആവശ്യമായ ദൂരത്തിനായി എറിയുകയാവും മിക്ക താരങ്ങളും ചെയ്യുക.

Advertisement
Advertisement