ഏഴാം ദിനം നസീറിന് കിട്ടി ഭാര്യയുടെ മൃതദേഹം
മേപ്പാടി: ദുബായിൽ നിന്ന് ദുരന്തഭൂമിയിലേക്ക് എത്തുമ്പോൾ ഭാര്യയുടെയും മകന്റെയും ജീവന്റെ തുടിപ്പ് ബാക്കി വെക്കണേ എന്നായിരുന്നു നസീറിന്റെ പ്രാർത്ഥന. രണ്ടാം ദിനം ചൂരൽമല സ്കൂൾ റോഡിലെ വീടിരുന്നിടത്ത് എത്തിയപ്പോൾ കണ്ടത് തറയും മൺകൂനയും മാത്രം. പുഴയോരത്തും ആശുപത്രികളിലുമായി തിരച്ചിൽ നീണ്ടു. ഒടുക്കം മോർച്ചറിയിലെത്തിയ മൃതദേഹം ഭാര്യ നസീമ (42) യുടേതാണെന്ന് ഇന്നലെ ഉച്ചയോടെ തിരിച്ചറിഞ്ഞു. ഹൃദയം തകർന്ന് നസീർ ബന്ധുക്കളോട് ചോദിച്ചു. എന്റെ മകൻ മുഹമ്മദ് നാസിം എവിടെ?.
ദുരന്തം കവർന്നെടുത്തത് നസീറിന്റെ ഭാര്യയെയും പത്തൊൻപതു വയസുള്ള മകനെയും മാത്രമല്ല സഹോദരി റെയ്ഹാനത്തിനെയും അവളുടെ ഭർത്താവ് നുസ്റത്ത് ഭാഷയെയും നഷ്ടപ്പെട്ടു. റെയ്ഹാനത്തിന്റെയും നസീമയുടെയും മൃതദേഹം മാത്രമാണ് കിട്ടിയത്. രണ്ടുപേർ ഇനിയും ബാക്കി. ദുരന്ത സമയത്ത് നാലുപേരും നസീറിന്റെ വീട്ടിലായിരുന്നു. നസീറിന്റെ മകൾ നസിയ ബത്തേരിയിലെ ഹോസ്റ്റലിൽ ആയതിനാൽ രക്ഷപ്പെട്ടു. ഇനി ആ വീട്ടിൽ ഉപ്പയും മകളും മാത്രം.
നസീമയുടെ കുടുംബത്തിൽ വേർപിരിഞ്ഞത് 8 പേർ
ദുരന്തം നസീമയെയും മകനെയും കവർന്നെടുത്തപ്പോൾ കുടുംബത്തിന് നഷ്ടമായത് 8 പേരെയാണ് . നസീമയും മകൻ മുഹമ്മദ് നാസിമിനും പുറമെ നസീമയുടെ ഉമ്മയുടെ അനുജത്തി ഖദീജ, മകൾ റഷീദ, ഭർത്താവ് മുസ്തഫ. മകൻ ഫിറോസ്, അവന്റ ഭാര്യ റിനു, ഇവരുടെ കുട്ടിയെയും അടക്കം പുഴ കൊണ്ട് പോയി. ചൂരൽ മലയിൽ നസീമയുടെ വീടിനടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.