ഏഴാം നാളിലും തിരച്ചിൽ, മരണസംഖ്യ 226

Tuesday 06 August 2024 1:55 AM IST

കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ ഏഴാംദിനമായ ഇന്നലെയും തിരച്ചിൽ നടത്തി കണ്ടെടുത്തത് ആറു മൃതദേഹങ്ങൾ. വിവിധ സേനകളിൽ നിന്നായി 1174 പേർ പങ്കെടുത്തു. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമായാണ് തിരച്ചിൽ തുടർന്നത്. 112 സംഘങ്ങളായി 913 വോളന്റിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. കെ-9 ഡോഗ് സ്‌ക്വാഡിന് പുറമെ കരസേന, തമിഴ്നാട് ഫയർസർവീസ് എന്നിവരുടെ ഡോഗ് സ്‌ക്വാഡും പങ്കുചേർന്നു. 276 സേനാംഗങ്ങൾ ചൂരൽമല ടൗണിലും പരിസരത്തും തിരച്ചിൽ നടത്തി.

110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികൾ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. വനംവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ 101 പേർ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.

വയനാട്ടിൽ നിന്ന് നൂറ്റിയമ്പതും നിലമ്പൂരിൽ നിന്ന് എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വയനാട്ടിൽ നിന്ന് 24, നിലമ്പൂരിൽ നിന്ന് 157 ഉൾപ്പെടെ 181 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജൻ, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു എന്നിവർ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. റവന്യൂ മന്ത്രി കെ രാജൻ, ധനകാര്യ മന്ത്രി കെ .എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്, പട്ടികജാതി, വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു എന്നിവർ ക്യാമ്പുകളും ദുരിതബാധിത മേഖലകളും സന്ദർശിച്ചു. എ.ഡി.എം കെ. ദേവകിയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾക്കായി ഇന്ന് 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.

41 ക്യാമ്പുകളിൽ 4551 പേർ

ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1329 കുടുംബങ്ങളിലെ 4551 പേരുണ്ട്. 1675 പുരുഷൻമാരും 1810 സ്ത്രീകളും 1066 കുട്ടികളുമാണ്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 16 ക്യാമ്പുകളിൽ 726 കുടുംബങ്ങളിലെ 2481 പേരാണുള്ളത്. 922 പുരുഷൻമാരും 946 സ്ത്രികളും 613 കുട്ടികളുമുണ്ട്.

Advertisement
Advertisement