അഞ്ചാലുംമൂട് ജംഗ്ഷനിൽ: ഓടയ്ക്ക് മുകളിലെ ഇന്റർലോക്ക് തകർന്നു, അപകടം അരികിൽ

Tuesday 06 August 2024 12:09 AM IST

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന റോഡ് ആരംഭിക്കുന്നതിന് വലത് ഭാഗത്തെ ഓടയ്ക്ക് മുകളിൽ പാകിയിരുന്ന ഇന്റർലോക്ക് തകർന്നു. ചിതറിക്കിടക്കുന്ന ഇന്റർലോക്ക് കട്ടകളിൽ തട്ടി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി.
ജംഗ്ഷനിൽ നിന്ന് സ്വകാര്യ ഓഡിറ്റോറിയത്തിന് മുന്നിൽ വരെയുള്ള 150 മീറ്റർ നീളത്തിലുള്ള ഓടയ്ക്ക് മുകളിലാണ് ഇന്റർലോക്ക് പാകിയിരുന്നത്. ഇതാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഓട പരിപാലനം.

വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡിൽ നിന്ന് വ്യാപാരസ്ഥാപനത്തിനുള്ളിലേക്ക് കയറണമെങ്കിൽ തകർന്നുകിടക്കുന്ന ഇന്റർലോക്ക് കട്ടകൾക്ക് മുകളിലൂടെ വേണം സഞ്ചരിക്കാൻ. ഇരുചക്ര വാഹനങ്ങൾ ഇത്തരത്തിൽ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.

വീതികുറഞ്ഞ റോഡിനോട് ചേർന്നാണ് ഇന്റർലോക്ക് തകന്നുകിടക്കുന്നത്. സമീപത്തെ സ്‌കൂളിലും ട്യൂഷൻ സെന്ററുകളിലും നിരവധി കുട്ടികളാണ് ഇതുവഴി കാൽനടയായി പോകുന്നത്. എതിരെ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുന്നതിനിടെ വാഹനങ്ങൾ കയറി ഇൻർലോക്ക് തെറിച്ച് അപകടങ്ങളും ഉണ്ടാകുന്നുണ്ട്.

മഴപെയ്താൽ ഓട നിറഞ്ഞ് ഇന്റർലോക്ക് ഇളകിയ ഭാഗത്തൂടെ മലിനജലം മുകളിലേയ്ക്ക് വരും. അപകട സാദ്ധ്യത വദ്ധിച്ചതിനാൽ കടയിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. എത്രയും വേഗം തകർന്ന ഇന്റർലോക്ക് കട്ടകൾ മാറ്റി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം.

ഇന്റർലോക്കും ഓടകളുടെ തകരാറിലായ മൂടികളും മാറ്റാൻ ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. ഓടയിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

സ്വർണ്ണമ്മ

അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ

Advertisement
Advertisement