ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തു; തിരുവനന്തപുരം ജനറൽ ആശുപത്രിയ്‌ക്കെതിരെ പരാതി

Tuesday 06 August 2024 10:11 AM IST

നെടുമങ്ങാട്: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തതായി പരാതി. നെടുമങ്ങാട് കായ്പാടി സ്വദേശി ഷിനുവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയാണ് ഷിനുവിന് മുതുകിൽ ശസ്ത്രക്രിയ നടന്നത്. പിന്നീട് കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടു.

തുടർന്ന് ഇന്നലെ സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറയുടെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. മുതുകിൽ ഏഴ് സ്റ്റിച്ച് ഉണ്ടെന്ന് ഷിനുവിന്റെ ഭാര്യ പറഞ്ഞു. ഈ സ്റ്റിച്ചിനൊപ്പം തുന്നിച്ചേർത്ത നിലയിലാണ് കയ്യുറ കണ്ടെിയതെന്ന് ഭാര്യ വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകുമെന്ന് ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ആശുപത്രിയ്ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്ന് പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണ് അതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇത് ഇളക്കി കളയണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

'ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തുപോകണമെങ്കിൽ ഡ്രെയ്ൻ എന്ന വസ്തുവാണ് ഉപയോഗിക്കാറ്. എന്നാൽ അതിന് 800 മുതൽ 1000 രൂപവരെ വിലവരും. രോഗി ഇത് വാങ്ങിത്തന്നിരുന്നെങ്കിൽ അത് വയ്ക്കുമായിരുന്നു. അത് ഇല്ലാത്തത് കൊണ്ട് ഗ്ലൗസിന്റെ അറ്റം മുറിച്ചാണ് വച്ചത്. ഇക്കാര്യം അന്നുതന്നെ രോഗിയോട് കൃത്യമായി പറഞ്ഞിരുന്നു. ഗ്ലൗസാണ് ഉപയോഗിച്ചതെന്ന് ആശുപത്രി രേഖകളിലുണ്ട്. സാധാരണ ചെയ്യാറുള്ള കാര്യം മാത്രമാണിത്. പരാതിയുമായി രംഗത്ത് വന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല',- ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Advertisement
Advertisement