അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ പേരിലേക്ക് പകരാൻ സാദ്ധ്യത; തലസ്ഥാനത്ത് നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്

Tuesday 06 August 2024 10:31 AM IST

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് പുറത്തുവരും. രോഗം സ്ഥിരീകരിച്ച നാലുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മറ്റുള്ളവരുടെ നില തൃപ്‌തികരമാണ്. രോഗബാധയുടെ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാദ്ധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാനുള്ള വിമുഖത, അസാധാരണമായ പെരുമാറ്റം എന്നിവയാണ് കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ.

മനുഷ്യരിൽ നിന്ന് പകരില്ല

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ തുടങ്ങിയ അമീബ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണം.ഇവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരത്തിലൂടെയോ അമീബ തലച്ചോറിലെത്തും. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങി മൂക്കിലൂടെ രോഗാണുബാധ ഉണ്ടായാൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. മനുഷ്യവിസർജ്ജ്യത്തിലൂടെയാണ് വൈറസ് വെള്ളത്തിലെത്തുന്നത്.

പഴുതടച്ച പ്രതിരോധം വേണം

 കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്
 വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്യണം
 ജലസ്രോതസുകളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം
 മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കരുത്

 മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകരുത്

 സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം
 നീന്തൽക്കുളങ്ങളിലെ ഫിൽറ്ററുകൾ ശുചിയാക്കണം
 ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റണം