ചായക്കടക്കാരന്റെ വേറിട്ട ബുദ്ധി; മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Tuesday 06 August 2024 12:15 PM IST

'ഒരു ചായക്കട തുടങ്ങിയാലോ' ചോദിക്കാത്ത സുഹൃത്തുകൾ കാണില്ല. ചിലപ്പോൾ ഇത്തരത്തിൽ തുടങ്ങുന്ന കടകൾ പെട്ടെന്ന് പൂട്ടിപ്പോകാറുമുണ്ട്. എവിടെ നോക്കിയാലും ഒരു ചായക്കട കാണാം. ചായക്കടക്കാരന്റെ വേറിട്ട ചിന്ത അയാളെ വൻ വിജയത്തിലെത്തിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മഹാരാഷ്ട്രയിലെ മഹാദേവ് നാനാ മാലി എന്നയാളുടെ ചായക്കടയാണ് ശ്രദ്ധാകേന്ദ്രം. മൂന്നാം ക്ലാസ് വരെ പഠിച്ച മഹാദേവ് കഴിഞ്ഞ 20 വർഷമായി ചായക്കട നടത്തുന്നു. ഫോണിലൂടെ ചായയുടെ ഓഡർ എടുക്കുന്ന വിദ്യയാണ് അദ്ദേഹം നടപ്പിലാക്കിയത്. ഓഡർ എടുക്കുക മാത്രമല്ല അവ കൃത്യമായി ഡെലിവറി ചെയ്യുകയും ചെയ്യും. പ്രദേശത്തെ ഏകദേശം 15,000ത്തോളം ജനങ്ങളിൽ നിന്നാണ് മഹാദേവ് ഓഡർ സ്വീകരിക്കുന്നത്.

പ്രതിദിനം 50 മുതൽ 60 ലിറ്റർ പാൽ വരെയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. മഹാദേവിന്റെ ഭാര്യയും രണ്ട് ആൺമക്കളും അദ്ദേഹത്തെ സഹായിക്കാൻ ഉണ്ട്. ഒരു കപ്പ് ചായയ്ക്ക് വെറും അഞ്ച് രൂപയാണ് ഇദ്ദേഹം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 1,500 മുതൽ 2,000 കപ്പ് ചായ വരെ മഹാദേവ് വിൽക്കുന്നുണ്ട്. ഒരു ദിവസം ഏകദേശം 7,000 മുതൽ 10,000 രൂപ വരെ ഇദ്ദേഹത്തിന് വരുമാനമായി ലഭിക്കുന്നുണ്ട്. അപ്പോൾ ഒരു മാസത്തെ വരുമാനം ഒന്ന് കൂട്ടിനോക്കൂ, ലക്ഷങ്ങൾ വരും. എന്തായാലും മഹാദേവിന്റെ ഐഡിയ ഹിറ്റാണ്.

Advertisement
Advertisement