വി.മുരളീധരൻ പറഞ്ഞതിൽ കാര്യമുണ്ട്, പിന്തുണച്ച് വി.ഡി സതീശൻ

Tuesday 06 August 2024 1:07 PM IST

തിരുവനന്തപുരം: ദേശീയ ദുരന്തം' എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്ന ബിജെപി നേതാവ് വി.മുരളീധരന്റെ അഭിപ്രായത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വി.മുരളീധരൻ പറഞ്ഞതിൽ സത്യമുണ്ട്. ഇപ്പോൾ അങ്ങനൊരു ടേം ഇല്ല. താൻ അതിനെ കുറിച്ച് പഠനം നടത്തുകയും വിദഗ്‌ദ്ധരുമായി സംസാരിക്കുകയും ചെയ‌്തതാണെന്ന് വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വി.‌ഡി സതീശന്റെ വാക്കുകൾ-

വി.മുരളീധരൻ പറഞ്ഞതിൽ സത്യമുണ്ട്. ഇപ്പോൾ അങ്ങനൊരു ടേം ഇല്ല. ഞാൻ അതിനെ കുറിച്ച് പഠനം നടത്തുകയും വിദഗ്‌ദ്ധരുമായി സംസാരിക്കുകയും ചെയ‌്തതാണ്. ഒരു അപകടമുണ്ടായാൽ ഇപ്പോൾ എൽ 0 എന്നാണ് പറയുന്നത്. എൽ 1 എന്ന് പറയുന്നത് പ്രാദേശികമായ സർക്കാരുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. എൽ 2 എന്ന് പറയുന്നത് സംസ്ഥാന സർക്കാ‌ർ ഇടപെട്ട് നടത്തുന്നതാണ്. എൽ 3 എന്ന് പറയുന്നതാണ് കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി ചെയ്യേണ്ടത്. അന്താരാഷ്‌ട്ര തലത്തിലുള്ള കാഴ്‌ചപ്പാടാണ് എൽ 0 മുതൽ എൽ 3 വരെയുള്ളത്. വയനാട് സംഭവിച്ചത് എൽ 3 ആയി പരിഗണിക്കണം. ദേശീയ ദുരന്തം എന്ന പേരു പറഞ്ഞില്ലെങ്കിലും ദേശീയ തലത്തിലുള്ള സഹായം നമുക്ക് ലഭ്യമാകണം.

'ദേശീയ ദുരന്തം' എന്നൊന്ന് കേന്ദ്രചട്ട പ്രകാരം ഇല്ലെന്നാണ് മുരളീധരൻ വ്യക്തമാക്കുന്നത്. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. ഒരുപക്ഷേ സമീപകാലത്ത് രാജ്യത്ത് തന്നെ ഏറ്റവുമധികം ആള്‍നാശമുണ്ടാക്കിയ മഹാദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി. അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ മുരളീധരൻ പറയുന്നു.

Advertisement
Advertisement