കൃഷി ഉപേക്ഷിച്ച് പോയ കര്‍ഷകര്‍ മടങ്ങിയെത്തുന്നു, തിരിച്ചുവരവിന് പിന്നില്‍ ഒറ്റക്കാരണം മാത്രം

Tuesday 06 August 2024 10:39 PM IST
പ്രതീകാത്മക ചിത്രം

കോട്ടയം: വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയ ഘട്ടത്തില്‍ കൃഷി ഉപേക്ഷിച്ച് പോയ റബര്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് തിരിച്ചുവരുന്നു. കേരളത്തിലെ വിപണിയില്‍ കര്‍ഷകന്റെ കൈവശം ആവശ്യത്തിന് ചരക്ക് ഇല്ലെങ്കിലും വില വര്‍ദ്ധിച്ചതോടെയാണ് റബര്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകരുടെ മടങ്ങിവരവിനും ഒപ്പം പുതിയതായി ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനും വഴിവച്ചിരിക്കുന്നത്. നിലവില്‍ 240 രൂപ വരെ നല്‍കി വ്യാപാരികള്‍ റബര്‍ ശേഖരിക്കുന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

റബര്‍ വിലയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിരതയുണ്ട്. ഇനിയും വില കൂടുമെന്നും കിലോഗ്രാമിന് 270 രൂപ വരെ എത്താന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതോടെയാണ് കേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും റബര്‍ കൃഷി സജീവമാകുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില 200ന് മുകളിലാണ്. തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റബര്‍ ഉത്പാദനം കുറഞ്ഞതും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

കേരളത്തില്‍ ഇടക്കാലത്ത് വില കുറഞ്ഞപ്പോള്‍ പ്രവര്‍ത്തനം ഏറെക്കുറേ അവസാനിച്ച മട്ടിലായിരുന്ന പല തോട്ടങ്ങളും ഇപ്പോള്‍ വീണ്ടും സജീവമാകുന്നുണ്ട്. പലയിടത്തും ടാപ്പിംഗ് ഉള്‍പ്പെടെ വീണ്ടും ആരംഭിച്ചിട്ടുണ്ട്. വില ഇനിയും ഉയരുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ ചരക്ക് പിടിച്ചു വയ്ക്കുന്ന പ്രവണതയുണ്ട്. ഇത് വിപണിയിലേക്കുള്ള വരവ് കുറച്ചിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിപണിയിലേക്ക് വന്നാലും ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വില വലിയ തോതില്‍ ഇടിയില്ലെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.

കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവും ആഗോളതലത്തില്‍ ഉത്പാദനം കുറഞ്ഞതും റബറിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ഇതോടെ വില കൂടുന്നതിനും കാരണമായി. ഈ മാസമോ അടുത്ത മാസമോ വില സര്‍വകാല റെക്കോഡിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ വില 243 രൂപയാണ്. 2011 ഏപ്രില്‍ മാസത്തിലായിരുന്നു ഈ വില രേഖപ്പെടുത്തിയത്.

Advertisement
Advertisement