മധുവിധു കണ്ണീരായി, പ്രിയനില്ലാതെ പ്രിയദർശിനി മടങ്ങി

Wednesday 07 August 2024 4:37 AM IST

മേപ്പാടി : മധുവിധു ആഘോഷിക്കാൻ ഒഡീഷയിൽ നിന്ന് വയനാട്ടിലെത്തിയ പ്രിയദർശിനി പാണ്ഡെ പ്രിയതമനില്ലാതെ നാട്ടിലേക്ക് മടങ്ങി. ഭർത്താവ് ഡോ.വിഷ്ണു പ്രസാദ്, സുഹൃത്ത് ഡോ. സ്വാധീൻ പാണ്ഡെ, ഭാര്യ സുകൃതി എന്നിവർ മുണ്ടക്കൈയിലെ ഉരുൾപ്പൊട്ടലിൽ ഇവർ താമസിച്ചിരുന്ന ലിനോറ ഹോംസ്റ്റേയൊടൊപ്പം ഒലിച്ചുപോയി. പ്രിയദർശിനിയും സുകൃതിയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു .വിഷ്ണുവിന്റെ മൃതദേഹം കിട്ടിയെങ്കിലും സുഹൃത്തിന്റെ വിവരമില്ല.
കഴിഞ്ഞ മാസം 26നാണ് ഭുവനേശ്വറിൽ നിന്ന് വിമാനത്തിൽ കോഴിക്കോടെത്തിയത്. 28ന് മേപ്പാടിയിലെ ലിനോറ ഹോം സ്റ്റേയിലെത്തി. തിങ്കളാഴ്ച ടൂറസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം രാത്രി വൈകിയാണ് ഉറങ്ങാൻ കിടന്നത് .രാത്രി ഒന്നേകാലോടെയാണ് ഉരുൾപൊട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ വെള്ളം ഹോം സ്റ്റേയും കൊണ്ട് കുത്തിയൊഴുകി. താഴെയുള്ള സ്‌കൂളിന്റെ ബേസ്‌മെന്റിൽ പിടിച്ച് മണ്ണിൽ പുതഞ്ഞു കിടക്കുകയായിരുന്ന പ്രിയദർശിനിയെ രക്ഷാപ്രവർത്തകരാണ് കണ്ടെത്തിയത്. പിന്നീട് സുകൃതിയെയും അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തി.
കട്ടക് നഴ്സിംഗ് കോളേജിലെ നഴ്സാണ് പ്രിയദർശിനി . വയനാടിന്റെ മനോഹാരിത കേട്ടറിഞ്ഞാണ് മധുവിധു വയനാട്ടിലാക്കാമെന്ന് പറഞ്ഞ് ഡോ. വിഷ്ണുപ്രസാദ് യാത്ര തിരിച്ചത്. ചിന്നാർ കട്ടക് മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ഡോ.വിഷ്ണു പ്രസാദ്. സുഹൃത്ത് ഡോ.സ്വാധീൻ പാണ്ഡെ കട്ടക് എസ്.ഇ. ബി മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സുകൃതി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. അപകടനില തരണം ചെയ്തതോടെ ഇവരെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റി. ഭർത്താവിനെ കണ്ടുകിട്ടിയിട്ടില്ലെന്ന് സുകൃതിയെ അറിയിച്ചിട്ടില്ല.

Advertisement
Advertisement