ഗോകർണം കടലിൽ മൃതദേഹം,​ ഡി.എൻ.എ ടെസ്റ്റിന് അർജുന്റെ കുടുംബം

Wednesday 07 August 2024 4:18 AM IST

അങ്കോള ( ഉത്തര കർണ്ണാടക): കോഴിക്കോട് സ്വദേശി അർജുനെ (30) മണ്ണിടിച്ചിലിൽ കാണാതായ സ്ഥലത്തു നിന്ന് 55 കിലോമീറ്റർ അകലെ ഗോകർണത്തിന് സമീപം പുറംകടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹം മീൻ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികൾ കരയ്‌ക്ക് എത്തിച്ചു.

ദിവസങ്ങൾക്ക് മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണോ എന്ന് സംശയമുണ്ട്. അർജുന്റേതാണോയെന്ന് ഉറപ്പാക്കാൻ കുടുംബം ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടു. ഗംഗാവലി പുഴയിലെ മണ്ണിനടിയിൽ തന്നെ അർജുൻ ഉണ്ടാകുമെന്ന് കുടുംബം വിശ്വസിക്കുന്നു. ദുരന്തത്തിന് ശേഷം ലോറി ഡ്രൈവർ ഉൾപ്പെടെ മറ്റു രണ്ടു പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുഴയിലെ അടിയൊഴുക്ക് കുറയാത്തതിനാലാണ് തെരച്ചിൽ തുടരാത്തത് എന്നാണ് കർണാടകം കോടതിയിൽ അറിയിച്ചത്. ഇപ്പോഴും ആറ് നോട്ട്സ് ശക്തിയുള്ള അടിയൊഴുക്ക് മൂന്ന് നോട്സ് ആയി കുറയണം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട് സന്ദർശിച്ചിരുന്നു. തിരച്ചിൽ പുനരാരംഭിക്കണമെന്ന് അദ്ദേഹം കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Advertisement
Advertisement