ഒറ്റയേറിന് നീരജ് ഫൈനലിൽ

Wednesday 07 August 2024 3:00 AM IST

89.34 മീറ്റർ

യോഗ്യതാ റൗണ്ടിൽ നിന്ന് ഒന്നാം സ്ഥാനത്തോടെ നീരജ് ഫൈനലിൽ

കിഷോർ കുമാർ ജെന യോഗ്യതാ റൗണ്ടിൽ പുറത്ത്

പാരീസ്: ടോക്യോയിലെപ്പോലെ പാരീസിലും ഇന്ത്യൻ സ്വർണ പ്രതീക്ഷകൾ വാനോളമുയർത്തി പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ നിന്ന് ഒന്നാമനായി ഫൈനലിലെത്തി നീരജ് ചോപ്ര. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ മത്സരിച്ച നീരജ് 89.34 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് ഒന്നാം സ്ഥാനത്തോടെ ഫൈനലുറപ്പിച്ചത്. നീരജിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. അതേസമയം ഗ്രൂപ്പ് എയിൽ മത്സരിച്ച മറ്റൊരിന്ത്യൻ താരം കിഷോർ കുമാർ ജെനയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.


അനായാസം നീരജ്

ടോക്യോയിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് ഒളിമ്പിക്‌സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡോടെ പൊന്നണിഞ്ഞത്. പാരീസിൽ നീരജിന് വലിയ വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗ്രൂപ്പ് എയിൽ മത്സരിച്ച ജർമ്മനിയുടെ ജൂലിയൻ വെബർ ടോക്യോയിൽ നീരജ് സ്വർണം നേടിയതിനേക്കാൾ മികച്ച ദൂരത്തേക്ക് (87.76 മീറ്റർ ) ജാവലിൻ എറിഞ്ഞാണ് ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത ഉറപ്പിച്ചത്. എന്നാൽ തുടർന്ന് ഗ്രൂപ്പ് ബിയിൽ വെബർ എറിഞ്ഞതിനേക്കാൾ 1.58 മീറ്റർ ദൂരം കൂടുതൽ എറിഞ്ഞാണ് നീരജ് ഇതിന് മറുപടി നൽകിയത്. പേഴ്‌സണൽ ബെസ്റ്റായ 89.94 മീറ്ററിന്റെ അടുത്തെത്തുന്ന പ്രകടനമാണ് നീരജ് ഇന്നലെ പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടത്തിയത്.

ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തിയത് വെബറാണ്. ഗ്രൂപ്പ് ബിയിലാണ് മികച്ച മത്സരം നടന്നത്. ഗ്രനാഡെയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ 88.63 മീറ്റർ എറിഞ്ഞ് സീസൺ ബെസ്റ്റ് പ്രകടനത്തോടെ നീരജിന് പിന്നിൽ രണ്ടാമനായി ഫൈനലിലെത്തി.പാകിസ്ഥാന്റെ നദീം അർഷാദ് ആദ്യ ശ്രമത്തിൽ തന്നെ 86.59 മീറ്റർ എറിഞ്ഞ് യോഗ്യത ഉറപ്പിച്ചു.ഗ്രൂപ്പ് എയിൽ ഇറങ്ങിയ ടോക്യോയിലെ വെള്ളി മെഡൽ ജേതാവ് യാക്കൂബ് വാദ്ലിച്ച് ആദ്യശ്രമത്തിൽ തന്നെ 85.63 മീറ്റർ എറിഞ്ഞ് ഫൈനലിലെത്തി. ഫൈനലിലെത്തിയവരിൽ 7-ാം സ്ഥാനത്താണ് യാക്കൂബ്.

അതേസമയം ആദ്യ ശ്രമത്തിൽ എറിഞ്ഞ 80.73 മീറ്ററാണ് കിഷോറിന്റെ മികച്ച ദൂരം.ഗ്രൂപ്പ് എയിൽ 9-ാം സ്ഥാനത്തായിപ്പോയ കിഷോറിന് രണ്ട് ഗ്രൂപ്പുകളിലുമായി 18-ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 84 മീറ്റർ എറിയുന്നവർക്കോ, ആദ്യ പന്ത്രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്കോ ആണ് ഫൈനലിലേക്ക് യോഗ്യത.

ഫൈനൽ നാളെ

നാളെ ഇന്ത്യൻ സമയം രാത്രി 11.55 മുതലാണ് ഫൈനൽ പോരാട്ടം.

ടോപ് 5 ഫൈനലിസ്‌റ്റുകൾ

1. 89.34 മീറ്റർ - നീരജ് ചോപ്ര (ഇന്ത്യ)

2. 88.63 മീറ്റർ - ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രനാഡ)

3.87.76 മീറ്റർ - ജൂലിയൻ വെബർ (ജർമ്മനി)

4. 86.59 മീറ്റർ - അർഷാദ് നദീം (പാകിസ്ഥാൻ)

5.85.97 മീറ്റർ- ജൂലിയസ് യെഗോ (കെനിയ)

7- നീരജിന്റെ ത്രോ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഏഴാമത്തെ ത്രോയാണ്.

Advertisement
Advertisement